തിരുവനന്തപുരം:മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വർഗീസിന് ഡെപ്യൂട്ടേഷൻ അനുവദിച്ചത് ചട്ടവിരുദ്ധമാണെന്ന് ഗവർണർക്ക് പരാതി.
കണ്ണൂർ സർവകലാശാല സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടറായി 2019 മുതൽ രണ്ടു വർഷം പ്രിയയെ ഡെപ്യൂട്ടേഷനിൽ നിയമിച്ചതിനെതിരെയാണ് സേവ് യൂണിവേഴ്സിറ്റി കാമ്പെയിൻ കമ്മിറ്റി പരാതിപ്പെട്ടത്. വി.സിയുടെ ചട്ടവിരുദ്ധ നടപടി അന്വേഷിക്കണമെന്നും പരാതിയിലുണ്ട്. അനദ്ധ്യാപക വിഭാഗം ജീവനക്കാരുടെ സേവന വ്യവസ്ഥകൾ നിശ്ചയിച്ചിട്ടുള്ള യൂണിവേഴ്സിറ്റി ഓർഡിനൻസ് പ്രകാരം സ്റ്റുഡന്റ്സ് സർവീസ് ഡയറക്ടർ തസ്തികയിൽ നിയമനത്തിന് ആറു വർഷത്തെ അദ്ധ്യാപന പരിചയവും ഭരണ പരിചയവും വേണം. സംസ്ഥാന സർക്കാരിന്റെ എല്ലാ ശമ്പള പരിഷ്‌കരണ ഉത്തരവുകളിലും സ്റ്റുഡന്റ്സ് ഡയറക്ടർ തസ്തിക അനദ്ധ്യാപക വിഭാഗത്തിലാണ്. ഗവേഷക വിദ്യാർത്ഥിയായിരുന്ന കാലയളവ് ഒഴിച്ചാൽ കേരള വർമ്മ കോളേജിലെ മൂന്ന് വർഷത്തെ അദ്ധ്യാപന പരിചയം മാത്രമാണ് പ്രിയാ വർഗീസിനുള്ളത്. യാതൊരു ഭരണപരിചയവുമില്ല. സ്റ്റുഡന്റ്സ് ഡയറക്ടർ കാലയളവ് കൂടി അദ്ധ്യാപന പരിചയമാക്കിയാണ് പ്രിയാ വർഗ്ഗീസിനെ അസോസിയേറ്റ് പ്രൊഫസർ നിയമനത്തിനുള്ള അഭിമുഖത്തിന് ക്ഷണിച്ചതും ഒന്നാം റാങ്ക് നൽകിയതും. ഇതിനെതിരായ ഹർജ്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.