കോവളം : വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ തടസപ്പെടുത്തി കൊണ്ട് ലത്തീൻ കത്തോലിക്കാ വിഭാഗം നേതൃത്വം നൽകുന്ന സമരം എത്രയും വേഗം ഒത്തുതീർപ്പാക്കണമെന്നും തുറമുഖ നിർമ്മാണം സമയബന്ധിതമായി പൂർത്തിയാക്കണമെന്നും എസ്.എൻ.ഡി.പി.യോഗം കോവളം യൂണിയൻ കൗൺസിൽ സർക്കാരിനോട് ആവശ്യപ്പെട്ടു. കോവളം യൂണിയൻ ഹാളിൽ നടന്ന യോഗം എസ്. എൻ. ഡി. പി യോഗം കോവളം യൂണിയൻ പ്രസിഡൻ്റ് കോവളം ടി.എൻ സുരേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി തോട്ടം പി.കാർത്തികേയൻ അദ്ധ്യക്ഷനായിരുന്നു. വൈസ് പ്രസിഡൻ്റ് പെരിങ്ങമ്മല എസ്. സുശീലൻ ഭാരവാഹികളായ കരുംകുളം പ്രസാദ്, ആർ. വിശ്വനാഥൻ , കട്ടച്ചൽകുഴി പ്രദീപ്, പുന്നമൂട് സുധാകരൻ, മണ്ണിൽ മനോഹരൻ, വേങ്ങപ്പൊറ്റ സനിൽ, മംഗലത്തുകോണം തുളസീധരൻ, കോവളം ബി. ശ്രീകുമാർ , ഡോ.ബി നന്ദകുമാർ, യൂത്ത് മൂവ്മെൻ്റ് നേതാക്കളായ മുല്ലൂർ വിനോദ് കുമാർ , അരുമാനൂർ ദീപു തുടങ്ങിയവർ പങ്കെടുത്തു.