വെള്ളറട:സി.എസ്.ഐ പ്ളാറ്റിനം ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി സിനഡ് ഹീലിംഗ് മിനിസ്ട്രി സംഘടിപ്പിക്കുന്ന ദേശീയ കലാ കായികമേള കാരക്കോണം സോമർവെൽ സി.എസ്.ഐ മെഡിക്കൽ കോളേജിൽ വച്ച് നടക്കും.സെപ്തംബർ 1മുതൽ 3 വരെയാണ് മേള നടക്കുന്നത്.ദക്ഷിണ ഇന്ത്യൻ സംസ്ഥാനങ്ങളിലെ സി.എസ്.ഐ ആശുപത്രികൾ,വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരും വിദ്യാർത്ഥികളും ഉൾപ്പെടെ 650ൽ പരം പേർ പങ്കെടുക്കുമെന്ന് സിനഡ് ഹീലിംഗ് മിനിസ്ട്രി ഡയറക്ടർ ഡോ.ബെനറ്റ് എബ്രഹാം അറിയിച്ചു.മേളയ്ക്ക് മുന്നോടിയായുള്ള ദീപശിഖ പ്രയാണം തിരുവിതാംകൂറിലെ ആദ്യ മിഷൻ ആശുപത്രിയായ നെയ്യൂരിൽ ഇന്ന് രാവിലെ 8.30ന് ആരംഭിക്കും.കന്യാകുമാരി ബിഷപ്പ് ചെലയ്യ കൊളുതി നൽകുന്ന ദീപശിഖ കാരക്കോണം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ അനുഷ മെർലിൻ,ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.ഷിബുരാജ് തുടങ്ങിയവ‌ർ ഏറ്റുവാങ്ങി അത്‌ലറ്റുകൾക്ക് കൈമാറും.സെപ്തംബർ 3ന് കാരക്കോണം മെഡിക്കൽ കോളേജിൽ എത്തുന്ന ദീപശിഖ ആദ്യ മെഡിക്കൽ ഓഫീസറായ ഡോ.സ്റ്റാന്റിലി ജോൻസ് ഏറ്റുവാങ്ങും.സമാപന സമ്മേളനത്തിൽ വിജയികൾക്ക് സി.എസ്.ഐ മുൻ മോഡറേറ്റർ ഐ.യേശുദാസിന്റെ പേരിലുള്ള ട്രോഫികൾ കൈമാറും.