പാറശാല: മലയോര പാതയെ വീതി കൂട്ടി ഹൈവേയായി ഉയർത്തിയപ്പോൾ നാട്ടുകാർക്ക് നടന്ന് പോകേണ്ട ഗതികേട്. പാറശാല നിന്നും ആരംഭിക്കുന്ന മലയോര പാതയെ കോടികൾ ചെലവാക്കി വീതികൂട്ടി ആധുനിക സൗകര്യങ്ങൾ ഉറപ്പ് വരുത്തുന്നതാണെന്ന വാഗ്‌ദാനത്തോടെ ഹൈവേയായി ഉയർത്തിയതോടെ നാട്ടുകാരുടെ കഷ്ടകാലവും തുടങ്ങി. റോഡ് കടന്നുപോകുന്ന പല ഭാഗത്തും ഇരു വശത്തെയും ഭൂഉടമകൾ സ്വന്തം വീടിന്റെ ചുറ്റുമതിലും മുറ്റവും കടകളുടെ മുൻ വശവും ഉൾപ്പെടുന്ന ഭൂമി റോഡിന് വേണ്ടി വിട്ടുനൽകിയതോടെ റോഡിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ഭാഗികമായെങ്കിലും പൂർത്തിയാക്കാൻ കഴിഞ്ഞു. പാതവികസനത്തിനുവേണ്ടി സ്ഥലം നൽകിയ നാട്ടുകാർ ഏഴുമണി കഴിഞ്ഞാൽ വീടെത്താൻ നടക്കണം. ഇടവിടാതെ രാത്രി പത്ത് മണിവരെയും ബസ് സർവീസുകൾ ഉണ്ടായിരുന്ന റോഡിൽ ഇപ്പോൾ ഏഴ് മണിക്കുള്ള അവസാന ബസ് പോയിക്കഴിഞ്ഞാൽ നാട്ടുകാർക്ക് കാൽനട തന്നെ ശരണം.

പാറശാല മുതൽ വെള്ളറട വരെയും കെ.എസ്.ആർ.ടി.സി.യുടെ പാറശാല, നെയ്യാറ്റിൻകര, പൂവാർ ഡിപ്പോകളിൽ നിന്നും നിരവധി ബസ് സർവീസുകളാണ് ഉണ്ടായിരുന്നത്. റോഡ് ഹൈവേയായി മാറിയതോടെ രാത്രി ഏഴ് മണിക്ക് ശേഷമുള്ള ബസ് റൂട്ടുകളെല്ലാം നിറുത്തി. വെള്ളറട നിന്നും പാറശാലയിലെ ആശുപത്രികളിൽ എത്തി മടങ്ങുന്ന രോഗികൾ,​സർക്കാർ ഉദ്യോഗസ്ഥർ, വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ളവർക്ക് തിരികെ വീട്ടിൽ എത്തണമെങ്കിൽ ഇപ്പോൾ മറ്റ് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കുകയോ അല്ലാത്ത പക്ഷം നടന്ന് പോകുകയോ വേണം.

നാട്ടുകാർ എം.എൽ.എ, കെ.എസ്.ആർ.ടി.സി അധികൃതർ എന്നിവർക്ക് പരാതികൾ സമർപ്പിച്ചെങ്കിലും യാതൊരു നടപടികളും സ്വീകരിച്ചിട്ടില്ലെന്നാണ് ആക്ഷേപം. പാറശാല നിയോജക മണ്ഡലത്തിൽ നിന്നും ആരംഭിക്കുന്ന മലയോര ഹൈവേയുടെ നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയാകുന്നതുവരെ കാത്തിരിക്കാതെ അടിയന്തരമായി ഇതുവഴി ഉണ്ടായിരുന്ന ബസ് സർവീസുകൾ പുനഃ സ്ഥാപിച്ച് നാട്ടുകാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കണമെന്നതാണ് പൊതുവായ ആവശ്യം.