തിരുവനന്തപുരം: നഗരസഭ പരിധിയിൽ ബോർഡുകളും, ഹോർഡിംഗ്സും, കൊടിതോരണങ്ങളും സ്ഥാപിക്കാൻ രാഷ്ട്രീയ പാർട്ടികൾ ഏഴ് ദിവസം മുൻപ് നഗരസഭയുടെ അനുമതിക്കായി അപേക്ഷിക്കണം. തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ സ്ഥാപിക്കുന്ന ബോർഡുകളും കൊടിതോരണങ്ങളും നീക്കം ചെയ്യുന്നത് സംബന്ധിച്ച് മേയർ ആര്യാ രാജേന്ദ്രന്റെ അദ്ധ്യക്ഷതയിൽ നടന്ന സർവകക്ഷി യോഗത്തിലാണ് തീരുമാനം. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് ഇത്തരമൊരു നീക്കം. ഫീൽഡ് ലെവൽ പരിശോധന നടത്തി സ്ഥാപിക്കാൻ കഴിയാത്ത പോയിന്റുകൾ തിരിച്ചറിഞ്ഞ് ബന്ധപ്പെട്ടവർക്ക് മറുപടി നൽകും. നിരോധിച്ച ഫ്ളക്സുകളുൾപ്പെടെയുള്ളവ ഒഴിവാക്കും. നിശ്ചിത സമയത്തിനകം ബോർഡുകൾ മാറ്റിയില്ലെങ്കിൽ നഗരസഭ എടുത്തുമാറ്റുന്നതിനൊപ്പം ഫൈനും ഈടാക്കും. നിലവിൽ പരസ്യ ലൈസൻസ് ഫീസ് വാങ്ങിക്കുന്നവർ അനധികൃതമായി റോഡിൽ വയ്ക്കുന്നവരിൽ നിന്ന് ഫീസ് വാങ്ങിക്കാൻ പാടില്ലെന്നും യോഗത്തിൽ തീരുമാനമായി. മരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഡി.ആർ. അനിൽ, നഗരസഭാ സെക്രട്ടറി ബിനു ഫ്രാൻസിസ്, പ്രസന്നകുമാർ, കെ.ജയകുമാർ, കരിക്കകം സുരേഷ്, ടി.പി.സുരേഷ്, ബാബു സുരേഷ്, പാളയം രാജൻ, കൈമനം പ്രഭാകരൻ, അഡ്വ. പോത്തൻകോട് വിജയൻ, റഹിം തുടങ്ങിയവർ പങ്കെടുത്തു.
ഇവിടെയൊന്നും പാടില്ല
ലിറ്റർ ഫ്രീ സോണായി നഗരസഭ കൗൺസിൽ പ്രഖ്യാപിച്ച കവടിയാർ മുതൽ കിഴക്കേകോട്ട വരെയുള്ള സ്ഥലങ്ങളിൽ, മീഡിയനുകൾ,ഫുഡ്പാത്തുകളിലെ ഹാന്റ് റീലുകൾ,അപകട സാദ്ധ്യതയുള്ള സ്ഥലങ്ങൾ, റോഡിന് മദ്ധ്യത്തുള്ള പാർക്കുകൾ,ക്വയറുകൾ, ഐലന്റുകൾ, ഹൈവേ, നാഷണൽ ഹൈവേ പോലുള്ള റോഡുകളിൽ കൊടിതോരണം,ഹോർഡിംഗ്‌സ്,ഫ്ലക്‌സ് എന്നിവ പാടില്ല.