bufer-zone

തിരുവനന്തപുരം: പരിസ്ഥതിലോല മേഖലയോട് ചേർന്ന ബഫർ സോണിലുള്ള കെട്ടിടങ്ങളും നിർമ്മാണ പ്രവർത്തനങ്ങളും കൃഷിഭൂമിയും നേരിട്ട് പരിശോധിച്ച് റിപ്പോർട്ട് തയ്യാറാക്കാൻ സംസ്ഥാന സർക്കാർ വിദഗ്ദ്ധ സമിതിയെ ഉടൻ നിയോഗിക്കും. തദ്ദേശം , വനം ,റവന്യു, കൃഷി വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരാകും സമിതി അംഗങ്ങൾ. അദ്ധ്യക്ഷനും ഇവരിൽ ഒരാളാവും. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ചശേഷം ചീഫ് സെക്രട്ടറി സമിതി രൂപീകരിച്ച് ഉത്തരവിറക്കും.

സുപ്രീം കോടതിയിലെ കേസിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഒരു മാസത്തിനകം ഇടക്കാല റിപ്പോർട്ട് നൽകാൻ ആവശ്യപ്പെടും.

വനാതിർത്തിയോട് ചേർന്നുള്ള ഒരു കിലോമീറ്റർ മേഖല ബഫർ സോണായി പ്രഖ്യാപിച്ച സുപ്രീം കോടതി വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകിയ ഏക സംസ്ഥാനമാണ് കേരളം. സംസ്ഥാനങ്ങൾക്ക് സ്വന്തം താല്പര്യപ്രകാരം സുപ്രീം കോടതിയെ സമീപിക്കാമെന്ന് കേന്ദ്രം നിലപാടെടുത്തിരുന്നു.

115 വില്ലേജുകൾ ബഫർ സോണിൽ ഉൾപ്പെടുന്നതായി ഉപഗ്രഹ സർവേയിൽ വ്യക്തമായി. വനാതിർത്തികളിൽ മരങ്ങളുടെ മറവ് കാരണം അതിന് കീഴിലുള്ള കെട്ടിടങ്ങൾ വിട്ടുപോയിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് നേരിട്ടുള്ള പരിശോധന നടത്താൻ തീരുമാനമായത്.കേരള സംസ്ഥാന റിമോട്ട് സെൻസിംഗ് ആൻഡ് എൻവയോൺമെന്റ് സെന്റർ (കെസ്റെക്ക്)ആണ് ഉപഗ്രഹ ചിത്രം തയ്യാറാക്കിയത്. മൂന്നു മാസത്തിനുള്ളിൽ അന്തിമ റിപ്പോർട്ടും സമർപ്പിക്കും.

ജനവാസ കേന്ദ്രങ്ങളെ ബഫർ സോണിൽ നിന്ന് ഒഴിവാക്കേണ്ടതാണെന്ന പുതിയ മന്ത്രിസഭാ തീരുമാനവുമായാണ് കേരളം കോടതിയെ സമീപിച്ചത്.


.