
ആൽകോ സ്‌കാൻ വാൻ പൊലീസിന് കൈമാറി
തിരുവനന്തപുരം: റോട്ടറി ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ ആരംഭിച്ച റോപ്പ് പദ്ധതിയുടെ ആൽകോ സ്‌കാൻ വാൻ കേരള പൊലീസിന് കൈമാറി.മുഖ്യമന്ത്രി പിണറായി വിജയൻ ഫ്ളാഗ് ഒഫ് ചെയ്തു. സമൂഹത്തിന് ദോഷകരമായി ബാധിക്കുന്ന ലഹരിയെന്ന വിപത്തിനെ ചിലർ മനഃപൂർവ്വം പ്രചരിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു.ഇവർക്കെതിരെ കർശന നടപടികൾ സ്വീകരിക്കും.പൊലീസിന് ലഹരി പരിശോധനയിൽ സഹായകമാകുന്ന ലക്ഷങ്ങൾ വിലയുള്ള വാഹനവും അതിനൂതന ഉപകരണവും കൈമാറിയ റോട്ടറി ക്ലബിന്റെ മാതൃകയെ അഭിനന്ദിക്കുന്നുവെന്നും മാർച്ച് 31ന് മുൻപ് കൂടുതൽ വാഹനങ്ങളും ഉപകരണങ്ങളും നൽകാമെന്ന് പറഞ്ഞ വാഗ്ദാനം മറന്നുപോകരുതെന്നും ഓർമിപ്പിച്ചു.ഇത് സദസിൽ ചിരിപടർത്തി.ഡി.ജി.പി അനിൽ കാന്ത് അദ്ധ്യക്ഷനായി.വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം പദ്ധതി വിശദീകരിച്ചു.റോട്ടറി ഗവർണർ കെ.ബാബു മോൻ,റോപ്പ് പദ്ധതിയുടെ ചീഫ് കോ-ഓർഡനേറ്റർ സുരേഷ് മാത്യു,ജനറൽ കോ-ഓർഡിനേറ്ററും റോപ്പ് സെക്രട്ടറിയുമായ ജിഗീഷ് നാരായണൻ,മുൻ ഗവർണർ കെ.ശ്രീനിവാസൻ തുടങ്ങിയവർ പങ്കെടുത്തു.