
കല്ലമ്പലം: ദേശീയപാതയിൽ ജില്ലാ അതിർത്തിയായ പാരിപ്പള്ളി മുക്കടയിൽ ബസുകൾ കൂട്ടിയിടിച്ച് ഒരാൾക്ക് പരിക്ക്. ഐ.എസ്.ആർ.ഒയുടെ ബസും ആഡംബര ടൂറിസ്റ്റ് ബസുമാണ് കൂട്ടിയിടിച്ചത്. കഴിഞ്ഞദിവസം രാവിലെ 7നായിരുന്നു അപകടം. ഐ.എസ്.ആർ.ഒയിലെ ജീവനക്കാരെ കൊണ്ടുവരുന്നതിനായി തിരുവനന്തപുരത്ത് നിന്ന് കൊല്ലത്തേയ്ക്ക് പോയ ബസും ബാംഗ്ലൂരിൽ നിന്ന് തിരുവനന്തപുരത്തേയ്ക്ക് വന്ന ബസുമാണ് കൂട്ടിയിടിച്ചത്. ഐ.എസ്.ആർ.ഒയുടെ ബസിൽ ഡ്രൈവർ മാത്രമാണുണ്ടായിരുന്നത്. അപകടത്തിൽ ഡ്രൈവർക്ക് നിസാര പരിക്കേറ്റു. സംസ്ഥാനാന്തര സർവീസ് നടത്തുന്ന ടൂറിസ്റ്റ് ബസിൽ ജീവനക്കാരെ കൂടാതെ ഏതാനും യാത്രക്കാർ ഉണ്ടായിരുന്നു. ഇവരുടെ തുടർ യാത്രയ്ക്ക് പകരം സംവിധാനം ഏർപ്പെടുത്തി. അപകടത്തിൽ ബസുകൾക്ക് തകരാർ സംഭവിച്ചു.