
തിരുവനന്തപുരം: കർഷകരിൽ നിന്ന് സംഭരിക്കുന്ന ഉത്പന്നങ്ങൾക്ക് ഉടൻ പണം നൽകുന്നതിന് അടിയന്തര നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി പി.പ്രസാദ് നിയമസഭയിൽ പറഞ്ഞു.
നെല്ല് സംഭരണ മാതൃകയിൽ പച്ചക്കറി നൽകിയാലുടൻ പണം നൽകുന്നതിന് എസ്.ബി.ഐയുമായി ധാരണയായിട്ടുണ്ട്. മറ്റ് ബാങ്കുകളുമായി ഉടൻ ധാരണയിലെത്തുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തിന് ആവശ്യമായ അരിയുടെ 80 ശതമാനവും പുറത്തുനിന്നാണ് വാങ്ങുന്നതെങ്കിലും, , പച്ചക്കറികളുടെയും പഴങ്ങഴളുടെയും കാര്യത്തിൽ കേരളത്തിന് സ്വയംപര്യാപ്തതയിലെത്താൻ പ്രയാസമില്ല. മറ്റിടങ്ങളിൽ നിന്ന് കാർഷികോത്പന്നങ്ങൾ കൊണ്ടുവരികയെന്നത് കൃഷിവകുപ്പിന്റെ നയമല്ല. പച്ചക്കറിയിൽ സ്വയംപര്യാപ്തതയും,, വിഷരഹിത പച്ചക്കറികളും എന്ന ലക്ഷ്യത്തോടെയാണ്, ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതി ആവിഷകരിച്ചത്. 10,000 കൃഷിക്കൂട്ടങ്ങളാണ് ലക്ഷ്യമിട്ടതെങ്കിലും ഇപ്പോഴത് 25,000 ആയിട്ടുണ്ട്. പച്ചക്കറി ഉത്പാദനത്തിന് കഞ്ഞിക്കുഴി, ദേവികുളം, ചിറ്റൂർ, തൃശൂരിലെ പഴയന്നൂർ എന്നിവിടങ്ങളിലായി പ്രത്യേക കാർഷിക മേഖലകളുണ്ട്. ഒരു കൃഷിഭവൻ ഒരു ഉത്പന്നം എന്ന നിലയിൽ പുതിയ പദ്ധതി ആരംഭിക്കും. വിള അടിസ്ഥാനത്തിലുള്ള കൃഷിയിൽ നിന്ന് കൃഷിടിയിടത്തെ അടിസ്ഥാനപ്പെടുത്തിയുള്ള കൃഷിക്കായി ഫാം പ്ലാൻ നടപ്പാക്കും.