തിരുവനന്തപുരം: കേരളത്തിലും തമിഴ്നാട്ടിലും ഒരേസമയം ട്രോളിംഗ് നിരോധിക്കുന്നതിനെ കുറിച്ച് മുഖ്യമന്ത്രിയുമായി ചർച്ച ചെയ്യുമെന്ന് മന്ത്രി വി. അബ്ദുറഹിമാൻ പറഞ്ഞു. ട്രോളിംഗ് നിരോധനസമയത്ത് തമിഴ്‌നാട്ടിലെ മത്സ്യത്തൊഴിലാളികൾ കേരളതീരത്ത് മത്സ്യബന്ധനം നടത്തുന്നത് ദോഷമാണ്. തമിഴ്‌നാട് അടക്കമുള്ള അയൽ സംസ്ഥാനങ്ങളിൽ ഒരേസമയം ട്രോളിംഗ് നിരോധനം ഏർപ്പെടുത്തിയാലേ ഫലപ്രദമാകൂ. മത്സ്യ ലഭ്യതക്കുറവും ശോഷണവും ലഘൂകരിക്കാൻ ഇത് സഹായിക്കുമെന്നും മന്ത്രി ചോദ്യോത്തരവേളയിൽ പറഞ്ഞു.
തീരമേഖലയിൽ ധനമാനേജ്‌മെന്റ് ബോധവത്കരണം കാര്യക്ഷമമാക്കും. മത്സ്യബന്ധന മേഖലയ്ക്കാവശ്യമായ മണ്ണെണ്ണ ലഭ്യമാക്കാൻ കേന്ദ്രവുമായി ചർച്ച നടത്തിയിരുന്നു. മണ്ണെണ്ണയുടെ കാര്യത്തിലൊഴികെ മറ്റ് പദ്ധതികളിൽ കേന്ദ്രത്തിന് അനുകൂലമായ നിലപാടാണ്. മറ്റു സംസ്ഥാനങ്ങളെക്കാൾ കേരളത്തിന്റെ പദ്ധതി വിഹിതം കുറവാണ്. പ്രതിമാസ സബ്‌സിഡിക്കായി 1.69 കോടി രൂപയാണ് സംസ്ഥാനം വകയിരുത്തുന്നത്. മത്സ്യഫെഡിൽ വ്യാപക അഴിമതിയുണ്ട്. അന്തിച്ചന്ത പദ്ധതിയിലെ ക്രമക്കേട് വിജിലൻസ് അന്വേഷിക്കുന്നുണ്ട്. മത്സ്യഫെഡിന്റെ നേതൃത്വത്തിൽ സുനാമി ബാധിതർക്ക് തീരമേഖലയിൽ ഫ്ളാറ്റ് നിർമ്മിച്ചു നൽകുന്നത് ആലോചിക്കുമെന്നും കെ.പി. മോഹനൻ, തോമസ് കെ. തോമസ്, രാമചന്ദ്രൻ കടന്നപ്പള്ളി തുടങ്ങിയവരെ മന്ത്രി അറിയിച്ചു.