
തിരുവനന്തപുരം: പൊതുഗതാഗതം കാര്യക്ഷമമാക്കാൻ ഇന്റലിജന്റ് പബ്ലിക് ട്രാൻസ്‌പോർട്ട് സിസ്റ്റം (ഐ.ടി.എസ്) നടപ്പാക്കുമെന്ന് മന്ത്രി ആന്റണി രാജു നിയമസഭയിൽ അറിയിച്ചു. ഇതിൽ ഒരു ട്രാവൽ ഡിമാൻഡ് മാനേജ്‌മെന്റ് സിസ്റ്റവും വാഹനങ്ങളുടെ വരവ് - പുറപ്പെടൽ സമയം, റൂട്ട് മാപ്പ്, സീറ്റ് ലഭ്യത, റിസർവേഷൻ എന്നിവ അറിയാനുള്ള ഓൺലൈൻ ആപ്ലിക്കേഷനും ഉണ്ടാകും.
വിവിധ ഗതാഗത മാർഗങ്ങളെ ബന്ധിപ്പിക്കുന്ന സംവിധാനമാണിത്. ട്രാക്കിംഗ് സോഫ്റ്റ്‌വെയർ വഴി യാത്ര ആസൂത്രണം ചെയ്യാം. വെഹിക്കിൾ പാർക്കിംഗ് മാനേജ്‌മെന്റിന് ഓൺലൈൻ സംവിധാനം വരും. നിലവിലുള്ള പാർക്കിംഗ് സ്ഥലങ്ങളെ ഐ.ടി.എസ് ആപ്ലിക്കേഷനിൽ ഉൾപ്പെടുത്തും. പാർക്കിംഗ് സ്ലോട്ട് ലഭ്യത അറിയാനും റിസർവേഷനും സൗകര്യമുണ്ടാകും. ബസുകൾ എവിടെ എത്തി എന്നറിയാനുള്ള എൽ.ഇ.ഡി ഡിസ്‌പ്ലേ ബോർഡുകൾ ബസ് സ്റ്റേഷനുകളിൽ സ്ഥാപിക്കുമെന്നും ഇ.കെ.വിജയൻ, മുഹമ്മദ് മുഹസീൻ, വി.ശശി, പി.ബാലചന്ദ്രൻ എന്നിവരെ മന്ത്രി അറിയിച്ചു.