
തിരുവനന്തപുരം:ക്ഷീരസഹകരണ സംഘങ്ങളിൽ പാലളക്കുന്ന കർഷകർക്ക് ലിറ്ററിന് നാല് രൂപ നിരക്കിലുള്ള ഇൻസെന്റീവ് സെപ്തംബർ മുതൽ അക്കൗണ്ടിൽ ലഭ്യമാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2023 മാർച്ച് വരെ ഇത് തുടരും. ജൂലായ്, ആഗസ്റ്റിലെ തുകയും ഇതിനൊപ്പം നൽകും. ക്ഷീരവികസന വകുപ്പ് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയ ഒരുരൂപയും (ക്ഷീരശ്രീ പോർട്ടൽ മുഖേന) തദ്ദേശ സ്ഥാപന /ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തിയ 3 രൂപയും (സാംഖ്യ സോഫ്റ്റ്‌വെയർ മുഖേന) ചേർത്താണ് നാല് രൂപ. ഇതിനായി 25.35 കോടി അനുവദിച്ചു. ഗ്രാമ/ബ്ലോക്ക്/ജില്ലാ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയുടെ പദ്ധതി വിഹിതം ഉപയോഗിച്ചാണ് ഇത് നടപ്പാക്കുക. ക്ഷീരകർഷകരുടെ സാമൂഹ്യ സാമ്പത്തിക സുരക്ഷയ്‌ക്ക് കൂടുതൽ പദ്ധതികൾ നടപ്പാക്കുമെന്നും മന്ത്രി അറിയിച്ചു.