വെളളറട: മലയോരമേഖലയിലെ റബർ കർഷകർ അനുഭവിക്കുന്ന ദുരിതത്തിന് ഇനിയും പരിഹാരമില്ല. ശക്തമായ മഴകാരണം ടാപ്പിംഗ് നടത്തിയിട്ടുതന്നെ മാസങ്ങളായി. ഒപ്പം റബറിന്റെ വില കുറഞ്ഞതും തിരിച്ചടിയായി. ഈ സീസണിൽ വളരെകുറവ് മാത്രമാണ് ടാപ്പിംഗ് നടന്നത്. അടിച്ച ഷീറ്റുകൾക്കാകട്ടെ കൃത്യമായ വെയിൽതട്ടാതെ പലതിലും പൂപ്പൽ ബാധിച്ചവയും ഉണ്ട്. ഇത് റബർഷീറ്റിന്റെ വില കുറയ്ക്കുമെന്ന് കർഷകർ പറയുന്നു. പല സ്ഥലങ്ങളിലും റബർ ടാപ്പിംഗ് നടക്കാറില്ല. ഈ സീസണിൽ വളരെ കുറച്ചമാത്രമാണ് ടാപ്പിംഗ് നടന്നത്. തൊഴിലാളികളും ഉടമകളും ടാപ്പിംഗ് നടക്കാത്തതുകാരണം ബുദ്ധിമുട്ടുകയാണ്. ഓണം അടുത്തതോടെ തൊഴിലാളികൾക്ക് ബോണസ് നൽകണം. ഇതിനുപോലും കഴിയാത്ത അവസ്ഥയിലാണ് റബർ കർഷകർ.
കർഷകർക്ക് ഉത്പാദനചെലവിന് ആനുപാതികമായ വിലനൽകി സർക്കാർ റബർ സംഭരിച്ച് മലയോരത്ത് റബർ അധിഷ്ടിത വ്യവസായശാലകൾ സ്ഥാപിച്ചാൽ കർഷകരുടെ ദുരിതങ്ങൾക്ക് ഒരു പരിധിവരെ പരിഹാരമാകും. തിരഞ്ഞെടുപ്പ് വേളകളിൽ പ്രകടനപത്രികയിൽ മാത്രം റബർ അധിഷ്ടിത വ്യവസായം സ്ഥാനം പിടിക്കും. പ്രധാന റബർ ഉത്പാദന മേഖലയായ മലയോരം കേന്ദ്രീകരിച്ച് റബർ അധിഷ്ടിത വ്യവസായശാലകൾ ആരംഭിക്കുമെന്ന രാഷ്ട്രിയ പാർട്ടികളുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾക്ക് വർഷങ്ങളുടെ പഴക്കമുണ്ട്. നിരവധി റബർ അധിഷ്ടിത വ്യവസായ ശാലകൾ സ്ഥാപിക്കാം എന്നിരിക്കെ ഒരു ചെറുകിട വ്യവസായ സ്ഥാപനം പോലും മലയോരഗ്രാമത്തിലില്ല.
അതിർത്തികടന്നാൽ വൻ വില
മലയോരത്ത് ഉത്പാദിപ്പിക്കുന്ന റബർ പാലും കറയും ഷീറ്റും അതിർത്തി കടന്ന് അന്യ സംസ്ഥാനങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ഇവിടെ നിന്നും കുറഞ്ഞ വിലയ്ക്ക് വൻകിട കമ്പനികൾ വാങ്ങിക്കൊണ്ടുപോകുന്ന റബർ കൊണ്ട് ഉത്പാദിക്കുന്ന സാധനങ്ങൾ അവർ നിശ്ചയിക്കുന്ന കൂടിയ വില നൽകി വാങ്ങേണ്ട അവസ്ഥയാണ്. റബറിന് ഏറെ വിലക്കുറവ് അനുഭവപ്പെടുന്ന ഈ സാഹചര്യത്തിൽ സർക്കാർ ഇടപെട്ട് മലയോരമേഖലയിലെ കർഷകരിൽ നിന്നും റബർ സംഭരിച്ച് അതു കൊണ്ട് റബർ ഉത്പനങ്ങൾ നിർമ്മിച്ചാൽ കർഷകർകും ഉപഭോക്താക്കൾക്കും ആശ്വസമാകും. എന്നാൽ റബർ പാലുകൊണ്ട് ഏറ്റവും പെട്ടെന്ന് കുറഞ്ഞ ചെലവിൽ ആരംഭിക്കാവുന്ന റബർ ബാന്റ് നിർമ്മാണ യൂണിറ്റു പോലും പ്രധാന റബർ ഉത്പാദന കേന്ദ്രത്തിലില്ല.
ഉത്പാദനച്ചെലവും കിട്ടാറില്ല
കർഷകർ ഉത്പാദിപ്പിക്കുന്ന റബർ ന്യായമായ വില നൽകി സംഭരിക്കാൻ പോലും സംവിധാനമില്ല. മാർക്കറ്റു വിലയിൽ നിന്നും ചെറുകിട വ്യാപാരികൾ പറയുന്ന വിലയ്ക്ക് വിൽക്കുക മാത്രമേ കർഷകർക്ക് രക്ഷയുള്ളൂ. ഇതു കാരണം കർഷകർക്കു ഉത്പാദന ചെലവുപോലും ലഭിക്കുന്നില്ല.