d

തിരുവനന്തപുരം: വനം പ്രൊട്ടക്ഷൻ വാച്ച്മാൻമാർക്ക് മാസങ്ങളായി മുടങ്ങിയ വേതന കുടിശ്ശിക നൽകാൻ സർക്കാർ ആറു കോടി രൂപ അനുവദിച്ചു. ഓണത്തിന് മുൻപ് മുഴുവൻ കുടിശ്ശികയും നൽകും. വനംവകുപ്പിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ആദിവാസികൾ അടക്കമുള്ള മൂവായിരത്തിലധികം വാച്ച്മാൻമാർക്ക് ഏഴു മാസത്തോളമായി വേതനം ലഭിക്കാത്തത് ചൂണ്ടിക്കാട്ടി കേരളകൗമുദി പ്രസിദ്ധീകരിച്ച 'വനപാലകരോടില്ല കരുതൽ... കിട്ടാനുള്ളത് ഏഴു മാസത്തെ ശമ്പളം " എന്ന റിപ്പോർട്ടിലാണ് നടപടി.

സർക്കാർ കനിഞ്ഞില്ലെങ്കിൽ കുഞ്ഞുങ്ങളടക്കമുള്ള ഇവരുടെ കുടുംബം ഓണക്കാലത്ത് പട്ടിണിയാകുമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. തുക വനം വകുപ്പിന്റെ വിവിധ സർക്കിൾ തലവന്മാർക്ക് അയച്ചുകൊടുത്തു. ദിവസം 700 രൂപയാണ് പ്രൊട്ടക്ഷൻ വാച്ച്മാൻമാരുടെ വേതനം. ഫണ്ടില്ലെന്ന് പറഞ്ഞ് ഇത് മാസങ്ങളായി മുടക്കി. കൊല്ലം സർക്കിളിലെ വാച്ച്മാൻമാർക്ക് ഏഴു മാസത്തെ വേതനമാണ് കിട്ടാനുള്ളത്. മറ്റിടങ്ങിൽ നാല് മാസത്തെയും. വാച്ച്മാൻമാരുടെ ജോലി മാസത്തിൽ 15 ദിവസമായി നിജപ്പെടുത്തണമെന്ന് രണ്ടു മാസം മുമ്പ് വൈൽഡ് ലൈഫ് വാർഡൻ നിർദ്ദേശിച്ചിരുന്നു. അതിന്റെ ഉത്തരവും ഇറങ്ങിയിരുന്നില്ല.

 ഫെസ്റ്റിവൽ അലവൻസിന് പണമില്ല

ഓണം ഫെസ്റ്റിവൽ അലവൻസായി വനം പ്രൊട്ടക്ഷൻ വാച്ച്മാൻമാർക്ക് നൽകുന്ന 1000 രൂപ ഇതുവരെയും അനുവദിച്ചില്ല. കഴിഞ്ഞ തവണയും ഓണം കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് അലവൻസ് ലഭിച്ചത്. ഇക്കുറിയെങ്കിലും ഓണത്തിന് മുൻപ് ലഭിക്കുമെന്ന് തൊഴിലാളികൾ കരുതിയത് വെറുതെയായി.