
തിരുവനന്തപുരം:സംസ്ഥാനത്ത് കോൺഗ്രസിന്റെ 67 ഓഫീസുകൾ ആക്രമിക്കപ്പെട്ടെന്ന് എ.പി.അനിൽകുമാറിന്റെ ചോദ്യത്തിന് മുഖ്യമന്ത്രി നിയമസഭയിൽ രേഖാമൂലം മറുപടി നൽകി.
രാഷ്ട്രിയ പാർട്ടികളുടെ ഓഫീസ് ആക്രമിച്ച 89 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇതിൽ 32 കേസുകളിൽ കുറ്റപത്രം നൽകി.168 പേരെ അറസ്റ്റ് ചെയ്തു. സി.പി.എമ്മിന്റെ 13ഉം മുസ്ലിംലീഗിന്റെ അഞ്ചും ബി.ജെ.പി, ആർ.എസ്.എസ്., സി.ഐ.ടി.യു, എസ്.ഡി.പി.ഐ എന്നിവയുടെ ഓരോ ഓഫീസും ആക്രമിക്കപ്പെട്ടു.
ടി.പിചന്ദ്രശേഖരൻ വധക്കേസിലെ പ്രതികൾക്ക് ഇതുവരെ 674 ദിവസത്തെ പരോൾ അനുവദിച്ചതായും മുഖ്യമന്ത്രി ടി.പിയുടെ ഭാര്യ കെ.കെ.രമയ്‌ക്ക് മറുപടി നൽകി. കൊവിഡിനെ തുടർന്ന് പ്രതികൾക്ക് പ്രത്യേകാവധി നൽകിയിരുന്നു. കൂടാതെ സാധാരണ പരോളും അനുവദിച്ചു. പരോൾ കാലയളവിൽ കൊടി സുനിയും മനോജ് കുമാറും മറ്റ് കേസുകളിൽ പ്രതികളായിട്ടുണ്ടെന്നും മുഖ്യമന്ത്രി വെളിപ്പെടുത്തി. പ്രതികളായ കുഞ്ഞനന്തൻ - 255 ദിവസം (2020ൽ മരിച്ചു), കെ.സി.രാമചന്ദ്രൻ - 280, ടി.കെ.രജീഷ് - 175, മനോജൻ - 257, സിജിത്ത് - 270, മുഹമ്മദ് ഷാഫി - 105, ഷിനോജ് - 155, കൊടി സുനി - 60, മനോജ് കുമാർ - 180, അനൂപ് - 175, റഫീഖ് - 189 എന്നിങ്ങനെയാണ് പരോൾ അനുവദിച്ചത്.