photo

റോഡപകടങ്ങളിൽ ഇന്ത്യയിൽ ഒരു ദിവസം പൊലിയുന്നത് 426 ജീവനുകളാണ്. 2021ൽ 1.6 ലക്ഷം പേർ റോഡപകടങ്ങളിൽ മരണമടഞ്ഞു. കൊവിഡിൽ യാത്രാനിയന്ത്രണങ്ങൾ ഉണ്ടായിട്ടും ഏറ്റവും കൂടുതൽ പേർ റോഡപകടത്തിൽ മരിച്ച വർഷമായി മാറി 2021. നാഷണൽ ക്രൈം റെക്കാഡ്സ് ബ്യൂറോയാണ് കഴിഞ്ഞ ദിവസം ഇതുസംബന്ധിച്ച കണക്കുകൾ പുറത്തുവിട്ടത്. നൂറ് റോഡപകടങ്ങൾ ഉണ്ടാകുമ്പോൾ അതിൽ 44 ഉം ഇരുചക്ര വാഹനക്കാർക്കാണ് സംഭവിക്കുന്നത്. 18,900 കാൽനട യാത്രക്കാരും വാഹനം തട്ടി മരണമടഞ്ഞു. ഇതിൽ കൂടുതൽ പേരും അപകടത്തിൽപ്പെട്ടത് റോഡ് മുറിച്ചുകടക്കുമ്പോഴാണ്. ഇന്ത്യയിൽ റോഡ് വികസനം വളരെ ത്വരിതഗതിയിൽ നടന്നുവരുന്ന കാലഘട്ടമാണിത്. വാഹനങ്ങളുടെ സുഗമമായ യാത്രയ്ക്ക് വീതി കൂടിയ ഹൈവേകളാണ് നിർമ്മിക്കുന്നത്. എന്നാൽ കാൽനടയാത്രക്കാരുടെയും റോഡ് മുറിച്ചുകടക്കുന്നവരുടെയും സുരക്ഷിതത്വത്തിന് വേണ്ടത്ര പരിഗണന നൽകിയിട്ടില്ലെന്ന് വേണം മനസിലാക്കാൻ. കാൽനടയാത്രക്കാരുടെയും ഇരുചക്ര വാഹനങ്ങളുടെയും സഞ്ചാരത്തിന് കൂടുതൽ സുരക്ഷിതത്വം ഉറപ്പാക്കുന്ന രീതിയിൽ റോഡ് നിർമ്മാണത്തിൽ മാറ്റങ്ങൾ വരുത്തേണ്ടതാണ്. ഹൈവേകളിൽ ശ്രദ്ധ കൂടുകയും ഇടറോഡുകളുടെ പരിപാലനം പിറകോട്ട് പോവുകയും ചെയ്യുന്നതും അപകടങ്ങളുടെ എണ്ണം കൂട്ടാനിടയാക്കുന്നുണ്ട്. ഏറ്റവും കൂടുതൽ വീതികൂടിയ ഹൈവേകൾ നിർമ്മിച്ചിട്ടുള്ള തമിഴ്‌‌നാട്ടിലാണ് യു.പി കഴിഞ്ഞാൽ ഏറ്റവും കൂടുതൽ അപകടങ്ങളുണ്ടായിട്ടുള്ളത്. ഇതിന്റെ കാരണങ്ങൾ സംബന്ധിച്ച് വിശദപഠനം നടത്തേണ്ടതുണ്ട്. കേരളത്തിൽ 2021ൽ മൊത്തം 33,296 റോഡപകടങ്ങളാണ് സംഭവിച്ചത്. ഇതിൽ 3429 പേർക്ക് ജീവഹാനിയുണ്ടായി. 40204 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. കേരളത്തിൽ റോഡപകടങ്ങളുടെ പ്രധാന കാരണം കുണ്ടും കുഴിയും നിറഞ്ഞ റോഡിന്റെ ശോച്യാവസ്ഥ തന്നെയാണ്. നിലവിലുള്ള റോഡുകൾ യഥാസമയം അറ്റകുറ്റപ്പണി നടത്തി പരിപാലിച്ചാൽത്തന്നെ റോഡപകടം പകുതിയായി കുറയ്ക്കാനാകും. ട്രാഫിക് നിയമങ്ങൾ തെറ്റിക്കുമ്പോൾ ഫൈൻ അടപ്പിക്കുന്നതിൽ കാണിക്കുന്ന താത്‌പര്യത്തിന്റെ പകുതിയെങ്കിലും റോഡ് നന്നാക്കാൻ കാണിച്ചാൽ നന്നായിരുന്നു. ട്രാഫിക് നിയമങ്ങൾ പാലിക്കുക എന്നത് ഓരോ പൗരനും സ്വന്തം കടമയായി നിർവഹിക്കുന്ന ഒരു സംസ്കാരം ഇനിയും ഇവിടെ വളർന്നുവന്നിട്ടില്ല. ഫൈൻ ചുമത്തിയതുകൊണ്ട് മാത്രം നല്ല റോഡ് സംസ്കാരം ഉണ്ടാകണമെന്നില്ല. ട്രാഫിക് നിയമങ്ങൾ ചെറിയപ്രായം മുതൽ കുട്ടികളെ പഠിപ്പിക്കാൻ അവ കരിക്കുലത്തിന്റെ ഭാഗമാക്കി മാറ്റണം. അങ്ങനെ വരുമ്പോൾ ഭൂരിപക്ഷം പേരും സ്വാഭാവികമായിത്തന്നെ റോഡ് നിയമങ്ങൾ പാലിക്കും. പ്രായോഗികമായ ഇത്തരം കാര്യങ്ങൾ കൂടി ഉൾപ്പെടുത്തിയുള്ള വിദ്യാഭ്യാസപരിഷ്കാരങ്ങളാണ് ഉണ്ടാകേണ്ടത്. വാഹനങ്ങളുടെ എണ്ണം എല്ലാ സംസ്ഥാനത്തും ദിനംപ്രതി കൂടിവരികയാണ്. എന്നാൽ അതനുസരിച്ച് റോഡുകളുടെ സ്ഥിതി മെച്ചപ്പെടുന്നുമില്ല. ഇതു രണ്ടും ചേരുംപടി ചേർന്നാലേ റോഡപകടങ്ങളുടെ വർദ്ധന കുറയ്ക്കാനാവൂ.