gorbachev

രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം രൂപം കൊണ്ട ലോകക്രമത്തിൽ സൈനികമായും സാമ്പത്തികമായും അമേരിക്കയോട് മത്സരിച്ച സോവിയറ്റ് യൂണിയനാണ് വളരെ അപ്രതീക്ഷിതമായി ചീട്ടുകൊട്ടാരം പോലെ തകർന്നുവീണത്. ഒരു യുദ്ധവും ചെയ്യാതെ റഷ്യയെ അമേരിക്ക പിടിച്ചടക്കിയതുപോലെയായി കാര്യങ്ങൾ. നെപ്പോളിയനും ഹിറ്റ്‌ലറുമൊക്കെ ശ്രമിച്ചിട്ട് നടക്കാതിരുന്നത് അമേരിക്കയും കൂട്ടരും ഗോർബച്ചേവിലൂടെ നടപ്പാക്കി.

ഇരുപതാം നൂറ്റാണ്ടിൽ രണ്ടാം ലോക മഹായുദ്ധത്തിനുശേഷം ലോക രാഷ്ട്രീയത്തെ ഏറ്റവും സ്വാധീനിച്ച നേതാവായിരുന്നു മിഖായേൽ ഗോർബച്ചേവ്. 1985ൽ സോവിയറ്റ് യൂണിയനിൽ അധികാരമേറ്റ് 1991ൽ രാജിവയ്ക്കുന്ന കാലയളവ് വരെ അദ്ദേഹത്തിന്റെ ഭരണത്തിൻ കീഴിൽ നടന്ന സംഭവവികാസങ്ങളും പരിഷ്കാരങ്ങളും ലോകത്തെയാകെ മാറ്റിമറിച്ചു.

ശീതസമരത്തിന് അന്ത്യം കുറിച്ചതോടൊപ്പം യൂറോപ്പിന്റെ രാഷ്ട്രീയ ഭൂപടവും ലോക രാഷ്ട്രീയത്തിന്റെ ഗതിയും മാറ്റിമറിച്ച ഈ ഭരണകർത്താവ് സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണമായി എന്നത് വിരോധാഭാസമല്ലാതെ എന്താണ്?

ഇന്നത്തെ റഷ്യ- യുക്രെയിൻ യുദ്ധത്തിന്റെ അടിസ്ഥാന കാരണങ്ങളെ മിഖായേൽ ഗോർബച്ചേവ് തുടങ്ങിവച്ച ഗ്ളാസ്നോസ്റ്റ്, പെരിസ്ട്രോയിക്ക തുടങ്ങിയ ഭരണപരിഷ്കാരങ്ങളുമായി ബന്ധപ്പെടുത്തി വായിക്കാവുന്നതാണ്. അതുകൊണ്ടാണ് പ്രസിഡന്റ് വ്ളാഡിമിർ പുട്ടിൻ സോവിയറ്റ് യൂണിയൻ ഛിന്നഭിന്നമായതിനെ ലോക രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ദുരന്തമെന്ന് വിശേഷിപ്പിച്ചത്. ആ അർത്ഥത്തിൽ ആ ദുരന്തത്തിൽ നിന്ന് റഷ്യയും യൂറോപ്പും ഇപ്പോഴും കരകയറിയിട്ടില്ല.

ഹീറോയും സീറോയും

മിഖായേൽ ഗോർബച്ചേവ് പുറംലോകത്തിന്, പ്രത്യേകിച്ച് അമേരിക്ക നേതൃത്വം നൽകുന്ന പാശ്ചാത്യ ലോകത്തിന് വലിയ ഹീറോയാണ്. അമേരിക്കൻ മുൻ വിദേശകാര്യമന്ത്രിയും എഴുത്തുകാരനുമായ ജോർജ് എഫ്. കാനൺ ഗോർബച്ചേവിനെ 'അദ്ഭുതം" എന്നാണ് വിശേഷിപ്പിച്ചത്. സോവിയറ്റ് യൂണിയനിലെ ഇരുമ്പുമറ മാറ്റി പാശ്ചാത്യലോകത്തിനായി രാജ്യം തുറന്നുകൊടുത്ത അദ്ഭുതമായിരുന്നു ഗോർബച്ചേവ്. പാശ്ചാത്യ ജനാധിപത്യവാദികൾ പൗരസ്വാതന്ത്ര്യത്തിന്റെയും പരിഷ്ക്കാരങ്ങളുടെയും വക്താവായാണ് ഗോർബച്ചേവിനെ കണ്ടത്. അതേസമയം, സോവിയറ്റ് യൂണിയനെ സംബന്ധിച്ചിടത്തോളം പുട്ടിൻ സൂചിപ്പിച്ചതുപോലെ അദ്ദേഹമൊരു മഹാദുരന്തമായിരുന്നു. അപമാനത്തിന്റെ നിമിഷമെന്നാണ് സോവിയറ്റ് യൂണിയന്റെ പതനത്തെ റഷ്യക്കാർ കാണുന്നത്. ഒരു ഘട്ടത്തിൽ പാശ്ചാത്യ രഹസ്യ ഏജന്റായി വരെ ഗോർബച്ചേവ് മുദ്രകുത്തപ്പെട്ടു. മഹത്തായ റഷ്യൻ പാരമ്പര്യത്തെ സംബന്ധിച്ചിടത്തോളം ഗോർബച്ചേവ് ഒരു സീറോ ആയിരുന്നു.

സഖാവും പരിഷ്ക്കർത്താവും

1931ൽ സാധാരണ കർഷക കുടുംബത്തിലാണ് ഗോർബച്ചേവിന്റെ ജനനം. സ്‌കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ കമ്മ്യൂണിസ്റ്റ് സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. സാർ ഭരണകൂടത്തോടുള്ള ഗോർബച്ചേവ് കുടുംബത്തിന്റെ എതിർപ്പ് അദ്ദേഹത്തെ കമ്മ്യൂണിസ്റ്റ് സംവിധാനങ്ങളോടും ആശയങ്ങളോടും പ്രിയമുള്ളവനാക്കി. അതേസമയം, കമ്മ്യൂണിസ്റ്റുകാർക്ക് അത്ര പഥ്യമല്ലാത്ത മതവിശ്വാസത്തിന്റെ സ്വാധീനവും അദ്ദേഹത്തിൽ ഉണ്ടായിരുന്നു. അദ്ദേഹത്തെ തന്റെ മാതാവും മുത്തശ്ശിയും ചേർന്ന് രഹസ്യമായി മാമോദീസ മുക്കിയിരുന്നു. 19-ാം വയസിൽ മോസ്കോ സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ വിദ്യാഭ്യാസം അദ്ദേഹത്തെ പുതിയ ലോകത്ത് എത്തിച്ചു. രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ, പ്രത്യേകിച്ച് കാർഷിക സാഹചര്യങ്ങളെക്കുറിച്ച് കൂടുതൽ കാര്യങ്ങൾ മനസ്സിലാക്കി. പൂർണ്ണമായും കേന്ദ്രീകൃതമായ ഒരു സമ്പദ് വ്യവസ്ഥയുടെ പരിമിതികളെക്കുറിച്ച് തുടക്കത്തിലേ ഈ സഖാവ് ബോധവാനായിരുന്നു. പടിപടിയായി കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ ഉന്നത സ്ഥാനങ്ങൾ കൈവന്നപ്പോഴും ഗോർബച്ചേവിന് വളരെയധികം സംശയങ്ങളുണ്ടായിരുന്നു. നിയന്ത്രിതമായ രീതിയിൽ കൃഷിയും മറ്റ് വ്യവസായങ്ങളും സ്വകാര്യവത്‌കരിക്കുന്നതിനെ കുറിച്ച് അദ്ദേഹം പല ഘട്ടങ്ങളിലും സംസാരിച്ചിരുന്നു.

കമ്മ്യൂണിസത്തിൽ കാര്യമായ പരിഷ്ക്കാരങ്ങൾ ആവശ്യമാണെന്ന് അദ്ദേഹത്തിന് നല്ല ബോദ്ധ്യമുണ്ടായിരുന്നു. 1985ൽ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടതു മുതൽ പെരിസ്ട്രോയിക്കയിലൂടെയും ഗ്ളാസ്‌നോസ്റ്റിലൂടെയും നിരവധിയായ മാറ്റങ്ങൾക്കാണ് തുടക്കം കുറിച്ചത്. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപൊയ്ക്കൊണ്ടിരുന്ന ആ ഘട്ടത്തിൽ സുലഭമായി ലഭ്യമായിരുന്ന ഏക സാധനം റഷ്യൻ വോഡ്‌ക മാത്രമാണെന്ന് പറയാറുണ്ടായിരുന്നു. ഗോർബച്ചേവ് വോഡ്‌കയുടെ ലഭ്യത കുറയ്ക്കാൻ ശ്രമിച്ചു. പാശ്ചാത്യ ആശയങ്ങളിൽ ആകൃഷ്ടനായി സമ്പദ് ഘടന നവീകരിക്കാനും സബ്‌സിഡികൾ കുറയ്ക്കാനുമൊക്കെ നടപടികൾ സ്വീകരിച്ചു. 1989ലെ അഫ്‌ഗാനിസ്ഥാനിലെ സൈനിക പിൻമാറ്റം, ബഹുകക്ഷി തിരഞ്ഞെടുപ്പ് നടത്താനുള്ള തീരുമാനം, അഴിമതിക്കാർക്കെതിരെ എടുത്ത കടുത്ത നടപടികൾ, മാദ്ധ്യമ നിയന്ത്രണങ്ങൾ എടുത്തുമാറ്റിയത്, അമേരിക്കയുമായുള്ള ആണവ നിർവ്യാപന കരാർ, കിഴക്കൻ യൂറോപ്യൻ രാജ്യങ്ങളിൽ ആണവായുധങ്ങൾ പിൻവലിക്കൽ, 1923നുശേഷം വത്തിക്കാനുമായി നയതന്ത്രബന്ധം പുനഃസ്ഥാപിക്കൽ തുടങ്ങിയവയെല്ലാം തന്നെ പരിഷ്കാരത്തിന്റെ ഭാഗമായിരുന്നു. ഒരിക്കലും ഈ പരിഷ്ക്കാരങ്ങൾ സോവിയറ്റ് യൂണിയന്റെ പതനത്തിന് കാരണമാകുമെന്ന് ഗോർബച്ചേവ് കരുതിയിരുന്നില്ല.

പാളിയത് എവിടെ?

1980കളിൽ സോവിയറ്റ് യൂണിയൻ നേരിട്ടിരുന്ന സാമ്പത്തികവും സാമൂഹികവുമായ പ്രതിസന്ധി വളരെ രൂക്ഷമായിരുന്നു. ഗോർബച്ചേവിന്റെ പരിഷ്കാരങ്ങളിലൂടെ പരിഹരിക്കാവുന്നവയായിരുന്നില്ല ഇവ. കമ്മ്യൂണിസ്റ്റ് പാർട്ടിയിൽ തന്നെ അദ്ദേഹത്തിന്റെ പരിഷ്ക്കാരങ്ങളോട് കടുത്ത എതിർപ്പുണ്ടായിരുന്നു. ഗോർബച്ചേവിനുശേഷം അധികാരത്തിൽ വന്ന ബോറിസ് യെൽട്‌സിൻ പറഞ്ഞു, 'പരസ്പരം കൂട്ടിക്കെട്ടാൻ പറ്റാത്തവയെ ബന്ധിപ്പിക്കാൻ ശ്രമിച്ചു എന്നതാണ് ഗോർബച്ചേവിന്റെ പരാജയം". ക്യാപ്പിറ്റലിസത്തെയും കമ്മ്യൂണിസത്തെയും സ്വകാര്യ സ്വത്തിനെയും പൊതുമേഖലയെയും ബഹുകക്ഷി രാഷ്ട്രീയത്തെയും കമ്മ്യൂണിസ്റ്റ് പാർട്ടിയെയും ചേർത്തുകൊണ്ടുപോകുക അസാദ്ധ്യമായിരുന്നു. ക്രമേണ ഗോർബച്ചേവ് കൊണ്ടുവന്ന സാമ്പത്തിക - രാഷ്ട്രീയ പരിഷ്ക്കാരങ്ങൾ മറ്റു കമ്മ്യൂണിസ്റ്റ് ഭരണകൂടങ്ങളുടെ പതനത്തിനും കാരണമായി. സോവിയറ്റ് യൂണിയനിൽ ഈ പരിഷ്കാരങ്ങൾ നടക്കെ തന്നെ മിക്ക കിഴക്കൻ യൂറോ പ്യൻ രാജ്യങ്ങളിലും കമ്മ്യൂണിസ്റ്റ് ഭരണത്തിനെതിരെ പ്രതിഷേധവും ഭരണമാറ്റവും ഉണ്ടായി. ഈ കാലഘട്ടത്തിലാണ് ബെർലിൻ മതിൽ നിലംപതിച്ചത്. പാശ്ചാത്യ ശക്തികൾ, പ്രത്യേകിച്ച് അമേരിക്കയും ബ്രിട്ടനും ഗോർബച്ചേവിനെ അദ്ഭുതമായി വിശേഷിപ്പിച്ചപ്പോൾ തന്നെ ആ രാജ്യത്തിന്റെ പതനത്തിനു വേണ്ടിയും പ്രവർത്തിച്ചുവെന്നത് ചരിത്രമാണ്. ചൈന പോലും ഇക്കാര്യത്തിൽ അമേരിക്കയോട് ചേർന്ന് പ്രവർത്തിച്ചു. ഈ ഘട്ടത്തിൽ സോവിയറ്റ് യൂണിയനിലെ അധികാര വടംവലിയും ഗോർബച്ചേവ് ഇല്ലാതാക്കാൻ ശ്രമിച്ച അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും അതിപ്രസരവും ഗോർബച്ചേവിനെ നിഷ്‌കാസിതനാക്കി.

ഗോർബച്ചേവിനെതിരെ പല വിമർശനങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്റെ ഉദ്ദേശ്യശുദ്ധിയെ സംശയിക്കാവുന്ന ഒന്നും തന്നെ 1990ൽ സമാധാനത്തിനുള്ള നോബൽ സമ്മാനം നേടിയ ഈ ഭരണതന്ത്രജ്ഞനിൽ കാണാൻ കഴിയില്ല.

സോവിയറ്റ് യൂണിയന്റെ അഭിവൃദ്ധിയും സ്ഥിരതയുമായിരുന്നു കടുത്ത പ്രതിസന്ധിയിൽ പോലും ബലപ്രയോഗം ഒഴിവാക്കിയ ഈ നേതാവിന്റെ ലക്ഷ്യം. പക്ഷേ, ചരിത്രം കരുതിവച്ചിരുന്നത് മറ്റൊന്നായിരുന്നു. അതുകൊണ്ടുതന്നെ അദ്ദേഹം ലോക രാഷ്ട്രീയത്തിൽ ഗതി മാറ്റിമറിച്ച നേതാവാണ്.