
കൊളംബോ: ഐ.എസ്.ആർ.ഒ ചാരക്കേസിൽ കുറ്റവിമുക്തയായ രണ്ടാംപ്രതി ഫൗസിയ ഹസൻ (80) നിര്യാതയായി. ഹൃദയാഘാതത്തെ തുടർന്ന് ശ്രീലങ്കയിൽ ആയിരുന്നു അന്ത്യം. മാലി ദ്വീപ് വിദേശകാര്യ മന്ത്രിയാണ് മരണവിവരം പുറത്തുവിട്ടത്. മാലി സ്വദേശിയായ ഫൗസിയ കാൻസർ രോഗബാധയെ തുടർന്ന് ചികിത്സയ്ക്കായാണ് ശ്രീലങ്കയിൽ താമസമാക്കിയത്. 1942 ജനുവരി ഒന്നിനാണ് ഫൗസിയയുടെ ജനനം. മാലി ആമിനിയ സ്കൂൾ, കൊളംബോ പോളിടെക്നിക്ക് (ശ്രീലങ്ക) എന്നിവിടങ്ങളിലായിരുന്നു വിദ്യാഭ്യാസം.
1994ലാണ് ഐ.എസ്.ആർ.ഒ ചാരക്കേസുമായി ബന്ധപ്പെട്ടാണ് ഫൗസിയ ഹസനെ പൊലീസ് അറസ്റ്റ് ചെയ്തത്. മാലിദ്വീപ് സ്വദേശിയായ മറിയം റഷീദയെയും ഇതോടൊപ്പം അറസ്‌റ്റ് ചെയ്തു. 1997 ഡിസംബർ വരെ ജയിൽവാസം അനുഷ്ഠിച്ചു. ഐ.എസ്.ആർ.ഒയുടെ രഹസ്യങ്ങൾ ശാസ്ത്രജ്ഞരായ ഡോ. നമ്പി നാരായണനും ഡോ. ശശികുമാറും മറിയം റഷീദയും ഫൗസിയ ഹസനും വഴി വിദേശികൾക്ക് ചോർത്തി നൽകിയെന്നായിരുന്നു കേസ്. എന്നാൽ, സി.ബി.ഐ നടത്തിയ അന്വേഷണത്തിൽ കേസ് കെട്ടിച്ചമച്ചതാണെന്ന് കണ്ടെത്തി. തുടർന്ന് ഫൗസിയയെയും റഷീദയെയും കുറ്റവിമുക്തരാക്കുകയായിരുന്നു. സിനിമാനടി കൂടിയായിരുന്ന അവർ 1998 മുതൽ 2008 വരെ മാലദ്വീപിലെ നാഷണൽ ഫിലിം സെൻസർ ബോർഡിൽ സെൻസറിംഗ് ഓഫീസറായിരുന്നു. 1957ൽ മാലദ്വീപ് വിദേശകാര്യ മന്ത്രാലയത്തിൽ ക്ലാർക്കായി ഔദ്യോഗിക ജീവിതം ആരംഭിച്ച ഫൗസിയ 1985ൽ സിദ്ധ എന്ന സിനിമയിലൂടെയാണ് അഭിനയരംഗത്തെത്തിയത്. 2008ലും 2019ലും ഗൗമി ചലച്ചിത്ര മേളയിൽ മികച്ച രണ്ടാമത്തെ നടിക്കുള്ള അവാർഡുകൾ നേടി. മുപ്പത്തിയഞ്ചോളം സിനിമകളിലും പതിനൊന്ന് ടെലിവിഷൻ സീരിയലുകളിലും നാല് ഹ്രസ്വചിത്രങ്ങളിലും അഭിനയിച്ചു.