തിരുവനന്തപുരം: കേരളകൗമുദി ഉയർത്തിക്കാട്ടിയ രണ്ടു പ്രശ്നങ്ങൾക്ക് സർക്കാർ അതിവേഗം സ്വീകരിച്ച പരിഹാര നടപടികളെ ഇന്നലെ നിയമസഭയിൽ ഭരണ, പ്രതിപക്ഷ കക്ഷികൾ ഒന്നടങ്കം പിന്തുണച്ചു. സ്കൂളുകളിലും കോളേജുകളിലും ലഹരിമാഫിയ വലവിരിക്കുകയും പെൺകുട്ടികൾ അടക്കം ഇരകളാവുകയും ചെയ്യുന്ന അത്യാപത്തിനെ കുറിച്ചുള്ള കേരള കൗമുദി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവിഷ്കരിച്ച 'രക്ഷാ പദ്ധതി' മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ പ്രഖ്യാപിച്ചു. വിഷയത്തിൽ കോൺഗ്രസിലെ പി.സി. വിഷ്ണുനാഥ് നൽകിയ അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവേയാണ് കുട്ടികളെ രക്ഷിക്കാനും കുറ്റവാളികളെ കർശനമായി നേരിടാനുമുള്ള പദ്ധതി പ്രഖ്യാപിക്കുകയും സഭ ഒന്നടങ്കം പിന്തുണയ്ക്കുകയും ചെയ്തത്. 'സ്‌കൂളുകളിൽ ലഹരി, മക്കളെ കാക്കാൻ കണ്ണു തുറക്കാം' എന്ന റിപ്പോർട്ട് കേരളകൗമുദി ഇന്നലെയാണ് പ്രസിദ്ധീകരിച്ചത്.
ദേശീയ അവാർഡ് നേടിയ പിന്നണി ഗായിക നഞ്ചമ്മയുടെ നഷ്ടപ്പെട്ട നാലര ഏക്കർ ഭൂമി കൈയേറ്റക്കാരിൽ നിന്ന് തിരിച്ചുപിടിച്ച് അവർക്ക് നൽകുന്ന നടപടികൾക്കും കേരളകൗമുദി റിപ്പോർട്ട് വഴിയൊരുക്കി. ശ്രദ്ധക്ഷണിക്കലിലൂടെ കെ.കെ.രമ വിഷയം ഉന്നയിച്ചപ്പോഴാണ് റവന്യു മന്ത്രി കെ.കെ. രാജൻ നടപടികൾ സ്വീകരിക്കുമെന്ന് അറിയിച്ചത്.
സ്കൂളുകൾക്കടുത്ത് ലഹരിക്കച്ചവടം നടത്തുന്ന കടകൾ എന്നെന്നേക്കുമായി പൂട്ടിക്കുമെന്നും സ്കൂളുകൾക്കുള്ളിൽ ഒരുവിധ കച്ചവടവും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മയക്കുമരുന്നെത്തിക്കുന്നത് തടയാൻ അദ്ധ്യാപകരും രക്ഷിതാക്കളും പൂർവവിദ്യാർത്ഥികളും സന്നദ്ധസംഘടനകളും രാഷ്ട്രീയപാർട്ടികളുമെല്ലാം ചേർന്ന് ജനജാഗ്രതാസമിതി രൂപീകരിക്കും.
ആക്ഷൻ പ്ളാൻ
1. സ്ഥിരം കുറ്റവാളികളെ വിചാരണയില്ലാതെ രണ്ടുവർഷം കരുതൽ തടങ്കലിലാക്കാൻ പൊലീസ്, എക്സൈസ് ഉദ്യോഗസ്ഥർക്ക് ശുപാർശ ചെയ്യാം. ഇതിന്മേൽ ഗവ. സെക്രട്ടറിക്ക് ഉത്തരവിടാം. കേന്ദ്രനിയമത്തിലെ കൂടുതൽ വകുപ്പുകൾ പ്രതികൾക്കെതിരെ ചുമത്തും. കേസെടുക്കുന്നതിലും അന്വേഷണത്തിലും മാറ്റം വരുത്തും.
2. മയക്കുമരുന്നിടപാടുകാരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും. ലഹരിക്കേസ് പ്രതികൾ പുറത്തിറങ്ങാൻ ഇനി കുറ്റകൃത്യം ചെയ്യില്ലെന്ന് ബോണ്ട് നൽകണം. ഇവർ നിരന്തരം നിരീക്ഷണത്തിലായിരിക്കും.
3.സമീപത്തെ കടകളിൽ ലഹരിവസ്തുക്കൾ വിൽക്കില്ലെന്ന അറിയിപ്പും ലഹരികച്ചവടത്തിന്റെ വിവരങ്ങളറിയിക്കാനുള്ള ഉദ്യോഗസ്ഥരുടെ ഫോൺനമ്പരും പ്രദർശിപ്പിക്കും. എക്സൈസ് ഓഫീസുകളിൽ കൺട്രോൾറൂമുകൾ തുറക്കും.
'കുട്ടികളെ ലഹരിമാഫിയയിൽ നിന്ന് രക്ഷിക്കാനുള്ള സർക്കാരിന്റെ പദ്ധതികൾക്ക് പൂർണ പിന്തുണ നൽകും'
- വി.ഡി.സതീശൻ,
പ്രതിപക്ഷ നേതാവ്
'ഒരുകിലോ കഞ്ചാവ് വരെ കൈവശംവച്ചാലും ജാമ്യംകിട്ടും. നിയമഭേദഗതിക്ക് കേന്ദ്രത്തോടാവശ്യപ്പെടണം'
-രമേശ് ചെന്നിത്തല
ഇക്കൊല്ലം പിടികൂടിയത്
കഞ്ചാവ്..................................1,340കിലോ
എം.ഡി.എം.എ......................6.7കിലോ
ഹാഷിഷ് ഓയിൽ................23.4കിലോ
ഭൂമി തട്ടിയെടുക്കൽ കേസ് വിജിലൻസിന്
ആദിവാസികളുടെ ഭൂമി തട്ടിയെടുക്കുന്ന ഗൂഢസംഘങ്ങളെക്കുറിച്ച് ലാൻഡ് റവന്യൂ കമ്മിഷണറുടെ നേതൃത്വത്തിൽ റവന്യൂ വിജിലൻസ് അന്വേഷിക്കുമെന്ന് മന്ത്രി കെ. രാജൻ നിയമസഭയിൽ പറഞ്ഞു. കുറ്റക്കാർക്കെതിരെ പട്ടികജാതി, പട്ടികവർഗ്ഗ അതിക്രമം തടയാനുള്ള നിയമപ്രകാരവും കേസെടുക്കും.
നഞ്ചമ്മയുടെ അട്ടപ്പാടി അഗളി വില്ലേജിലെ ഭൂമി അനർഹർ തട്ടിയെടുത്തെന്ന് കണ്ടെത്തിയാൽ ഭൂമിയിലെ അവകാശം പുനഃസ്ഥാപിച്ച് നൽകും. നഞ്ചമ്മയുടെ ഭർത്തൃപിതാവ് നാഗമൂപ്പന്റെ ഭൂമി 1962ലാണ് ആദിവാസികളല്ലാത്തവരുടെ പേരിലാക്കിയത്.
ഭൂമി തിരിച്ചുപിടിക്കാൻ 47 വർഷമായി നിയമപോരാട്ടത്തിലാണ് നഞ്ചമ്മ. ജൂലായ് 31നാണ് ഇക്കാര്യം കേരള കൗമുദി റിപ്പോർട്ട് ചെയ്തത്.
'ഭൂമി ഞങ്ങളുടേതാണെന്നതിന് എല്ലാ രേഖകളുമുണ്ട്. കോടതിയിലും സർക്കാരിലുമാണ് പ്രതീക്ഷ.'
- നഞ്ചമ്മ