
തിരുവനന്തപുരം: ചേന്തി ശ്രീനാരായണ സാംസ്‌കാരിക നിലയത്തിന്റെ ആഭിമുഖ്യത്തിൽ തിരുവോണം,അവിട്ടം,ചതയം ദിനങ്ങളിൽ ശ്രീനാരായണഗുരുവിന്റെ 168ാമതു ജയന്തി വിപുലമായി ആഘോഷിക്കും.വ്യക്തിഗത സാമ്പത്തിക സഹായം, അപകട ഇൻഷ്വറൻസ്, ഉന്നത മാർക്ക് വാങ്ങി വിജയിച്ച കുട്ടികൾക്ക് അനുമോദനം, തുടർ പഠനത്തിന് സാമ്പത്തിക സഹായം, മുന്നൂറിലധികം കുട്ടികൾക്ക് പഠനോപകരണം,ഓണക്കോടി, 500 പേർക്ക് ഓണക്കിറ്റ് എന്നിവ ചേന്തി ശ്രീനാരായണ സാംസ്കാരിക നിലയം ചാരിറ്റബിൾ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ നൽകും.
തിരുവോണനാളിൽ രാവിലെ 7ന് ചേന്തി ശ്രീനാരായണഗുരു ക്ഷേത്രത്തിലെ ഗുരുപൂജയ്ക്ക് ശേഷം 9ന് പത്രാധിപർ കെ.സുകുമാരൻ സ്മാരക എസ്.എൻ.ഡി.പി തിരുവനന്തപുരം യൂണിയൻ വൈസ് പ്രസിഡന്റ് ചേന്തി അനിൽ പതാക ഉയർത്തുന്നതോടെ ഓണാഘോഷങ്ങൾക്ക് തുടക്കമാകും. വൈകിട്ട് 6.45ന് ഗുരു പൂജയ്‌ക്ക് ശേഷം ചേന്തി റസിഡന്റ്സ് അസോസിയേഷനും പ്രാദേശിക കുടുംബാംഗങ്ങളും അവതരിപ്പിക്കുന്ന ഗാനമേള.
9ന് രാവിലെ 7ന് ഗുരുപൂജ, 10 മുതൽ കലാമത്സരങ്ങൾ, വൈകിട്ട് 3.30ന് വിശ്വംഭരൻ രാതസൂയം നയിക്കുന്ന കവിയരങ്ങ്, 4.30 മുതൽ 'ശ്രീനാരായണഗുരുദേവന്റെ ആദർശങ്ങൾ മാനവരാശിയുടെ നന്മയ്ക്കായി' എന്ന വിഷയത്തിൽ ആത്മീയാചാര്യനും എൻ.എസ്.എസ് പ്രതിനിധിസഭാ അംഗവുമായ തലനാട് ചന്ദ്രശേഖരൻ നായരുടെ പ്രഭാഷണം. 6.45ന് ഗുരുപൂജയ്ക്ക് ശേഷം പ്രസിദ്ധ പിന്നണി ഗായകൻ ഡോ.പന്തളം ബാലൻ നയിക്കുന്ന ഗാനമേള.10ന് രാവിലെ 7ന് ഗുരുപൂജ, 9 മുതൽ സുജാത തങ്കപ്പന്റെ നേതൃത്വത്തിൽ ഗുരുദേവ കീർത്തന പാരായണം. 10ന് എൻ.എസ്.എസ് ഡയറക്ടർ ബോർഡംഗം എം.സംഗീത്കുമാറിന്റെ നേതൃത്വത്തിൽ ഗുരുദേവ മന്ദിരത്തിൽ പുഷ്പാർച്ചന. വൈകിട്ട് 5.30ന് ശ്രീനാരായണഗുരു സന്ദേശപ്രഭാഷകൻ ഡോ.സീരപാണിയുടെ പ്രഭാഷണം. 6.45ന് ഗുരുപൂജ. 7ന് നടക്കുന്ന സാംസ്കാരിക സമ്മേളനം കേന്ദ്രമന്ത്രി വി.മുരളീധരൻ ഉദ്ഘാടനം ചെയ്യും. ചികിത്സാസഹായ പദ്ധതി മന്ത്രി വി.ശിവൻകുട്ടിയും ഓണക്കിറ്റ് വിതരണം മന്ത്രി ജി.ആർ.അനിലും പഠനോപകരണവിതരണം മന്ത്രി ആന്റണിരാജുവും നിർവഹിക്കും.കെ.പി.എം.എസ് സംസ്ഥാന പ്രസിഡന്റ് എൽ.രമേശൻ ഉന്നതവിജയം നേടിയ വിദ്യാർത്ഥികളെ ആദരിക്കും.ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ, സ്വാമി സൂക്ഷ്മാനന്ദ, പാളയം ഇമാം ഡോ.ഷുഹൈബ് വി.പി എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തും. വിവിധ മേഖലകളിൽ പ്രശസ്തരായ ഡോ.ബി.ഗോവിന്ദൻ, ഡോ.ഷാജി പ്രഭാകരൻ, ഡോ.സീരപാണി,സിനിമാ നടൻ ഇന്ദ്രൻസ്, തലനാട് ചന്ദ്രശേഖരൻ നായർ, സ്നേക്ക് മാസ്റ്റർ വാവ സുരേഷ് എന്നിവരെ ആദരിക്കും.പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ,കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, എം.വിജയകുമാർ,വി.എസ്. ശിവകുമാർ, ഡോ.മോഹൻ കുമാർ, എൻ.പീതാംബരക്കുറുപ്പ്,എം.ആർ.ഗോപൻ, ജോൺസൺ ജോസഫ്, ചെമ്പഴന്തി ഉദയൻ, പി.കെ.എസ്.എസ് യൂണിയൻ സെക്രട്ടറി ആലുവിള അജിത് തുടങ്ങിയവർ പങ്കെടുക്കും.