corruption

കെട്ടിട-നിർമ്മാണവുമായി ബന്ധപ്പെട്ടുള്ള ഭീമമായ അഴിമതി രാജ്യത്തെവിടെയും ഏതാണ്ട് ഒരുപോലെയാണ്. ചട്ടലംഘനങ്ങളും അതു നിയമപരമാക്കാൻ ഒഴുക്കുന്ന കൈക്കൂലിയും വാനോളം ഉയരത്തിലാണ്. സംസ്ഥാനത്ത് തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനിർമ്മാണ വിഭാഗങ്ങളിൽ വിജിലൻസ് വിഭാഗം നടത്തിയ മിന്നൽ പരിശോധനകളിൽ ധാരാളം ക്രമക്കേടുകൾ കണ്ടെത്തിയിരുന്നു. വൻതോതിൽ അഴിമതി നടക്കുന്നതായും തെളിവുകൾ ലഭിച്ചിരുന്നു. പെർമിറ്റ് മുതൽ ഒക്കുപ്പെൻസി സർട്ടിഫിക്കറ്റ് നൽകുന്നതുവരെയുള്ള ഘട്ടങ്ങൾ അഴിമതിയിൽ കുളിച്ചുനിൽക്കുകയാണെന്നാണ് വിജിലൻസ് കണ്ടെത്തിയത്. അനധികൃതമായി നിർമ്മിച്ച കെട്ടിടങ്ങൾ ക്രമവൽക്കരിക്കുന്നത് വലിയതോതിൽ കൈക്കൂലി വാങ്ങിയാണ്. പെർമിറ്റ് ലഭിക്കാനും നിർമ്മാണദശകളിലെ പരിശോധന സുഗമമാക്കാനും ഉദ്യോഗസ്ഥർ കൈക്കൂലി ചോദിച്ചുതന്നെ വാങ്ങാറുണ്ട്. വിസമ്മതിക്കുന്നവരെ വലയ്ക്കുന്നതും അപൂർവമല്ല. തദ്ദേശസ്ഥാപനങ്ങളിലെ കെട്ടിടനിർമ്മാണ വിഭാഗം ഉദ്യോഗസ്ഥരുടെ അനുഭാവശൂന്യമായ സമീപനത്തിൽ മനംനൊന്ത് ജീവിതം ഉപേക്ഷിച്ചവരും നിരവധിയുണ്ട്.

കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിക്കു തടയിടാൻ നിർമ്മാണപെർമിറ്റ് രണ്ടുഘട്ടമായി നൽകുന്നതുൾപ്പെടെ ചില പരിഷ്കാരങ്ങൾ കൊണ്ടുവരണമെന്ന് വിജിലൻസ് വിഭാഗം സർക്കാരിനു ശുപാർശ നൽകിയിരിക്കുകയാണ്. സർക്കാരിന്റെ പ്രതികരണം അറിവായിട്ടില്ല. തദ്ദേശവകുപ്പുമന്ത്രി എം.വി. ഗോവിന്ദൻ സ്ഥാനമൊഴിഞ്ഞതിനാൽ പുതിയ ആൾ വന്നശേഷമാകും വിജിലൻസ് ശുപാർശ പഠിച്ച് നടപടിയെടുക്കൽ. കഴിഞ്ഞ രണ്ടുവർഷത്തിനിടെ കെട്ടിടനമ്പർ ലഭിച്ച സംസ്ഥാനത്തെ സകല കെട്ടിടങ്ങളുടെയും നിർമ്മാണാനുമതിയുൾപ്പെടെ എല്ലാ വിവരങ്ങളും ശേഖരിച്ചു പരിശോധന നടത്തണമെന്നാണ് വിജിലൻസ് ശുപാർശ.

കെട്ടിടനിർമ്മാണത്തിനുള്ള അനുമതി രണ്ടുഘട്ടമായി നൽകി അഴിമതിക്കുള്ള സാദ്ധ്യത കുറയ്ക്കണമെന്ന വിജിലൻസ് ശുപാർശ ഒറ്റനോട്ടത്തിൽത്തന്നെ വിപരീതഫലമാകും സൃഷ്ടിക്കുക. കൈക്കൂലിക്ക് പുതിയൊരു വഴികൂടി തുറക്കുകയാവും ഇതിന്റെ ഫലം. ആദ്യം അടിസ്ഥാനം കെട്ടുന്നതിനും അതുകഴിഞ്ഞ് മുകളിലേക്ക് ഉയർത്തുന്നതിനും വെവ്വേറെ പെർമിറ്റ് നൽകണമെന്നാണ് വിജിലൻസ് ശുപാർശ. ഈ നിർദ്ദേശത്തിലൂടെ എങ്ങനെ അഴിമതി ഇല്ലാതാകുമെന്നു നിശ്ചയമില്ല. കാരണം അനുമതിയുമായി ബന്ധപ്പെട്ട് ഏതുഘട്ടത്തിലും കൈക്കൂലിക്കുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. നിലവിൽ അപേക്ഷ സമർപ്പിക്കുന്ന ഘട്ടത്തിൽ മാത്രമല്ല പല അവസരത്തിലും കെട്ടിടം നിർമ്മിക്കുന്നവർ നിശ്ചിതപടി നൽകാൻ നിർബന്ധിതരാകാറുണ്ട്. പടികൊടുക്കാൻ മടിക്കുന്നവർ അനുമതികൾക്കായി ദീർഘനാൾ കാത്തിരിക്കേണ്ടിയും വരും.

കെട്ടിടനിർമ്മാണവുമായി ബന്ധപ്പെട്ട അഴിമതിയും ക്രമക്കേടും തടയണമെന്ന് ആത്മാർത്ഥമായ ആഗ്രഹമുണ്ടെങ്കിൽ പരീക്ഷിക്കാവുന്ന ഒരു കാര്യമുണ്ട്. പെർമിറ്റും സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീർപ്പെടുക്കാൻ സർക്കാരിതര ഏജൻസിയെ ഏല്പിക്കുക. ഈ രംഗത്തു നടമാടുന്ന കൊടിയ അഴിമതിയും നിയന്ത്രിക്കാം. കാര്യങ്ങൾ എളുപ്പവുമാകും. സർക്കാരിനും അതു ലാഭകരമാകും. ഒരുകാലത്ത് പാസ്‌പോർട്ട് വിതരണവുമായി ബന്ധപ്പെട്ട് വൻഅഴിമതിയാണ് നടന്നിരുന്നത്. വലിയതോതിൽ ക്രമക്കേടും അരങ്ങേറിയിരുന്നു. പാസ്‌പോർട്ട് സേവാകേന്ദ്രങ്ങൾ സ്വകാര്യമേഖലയ്ക്കു വിട്ടതോടെ അഴിമതിയും ഇല്ലാതായി, ആവശ്യക്കാർക്കെല്ലാം നിശ്ചിതദിവസം കൊണ്ട് പാസ്‌പോർട്ട് ലഭ്യമാകുന്നു. ഇതുപോലെ കെട്ടിട നിർമ്മാണത്തിനുള്ള അപേക്ഷകൾ സർക്കാരിതര ഏജൻസിയെ ഏല്പിക്കുന്നതുകൊണ്ട് അപകടമൊന്നും സംഭവിക്കില്ല. നിശ്ചിത മാർഗനിർദ്ദേശങ്ങൾ സർക്കാരിനു നൽകാവുന്നതേയുള്ളൂ. അതിനുള്ളിൽ നിന്നുകൊണ്ട് അപേക്ഷകൾ പരിശോധിച്ച് കൃത്യമായ തീർപ്പെടുക്കാൻ ഏജൻസിക്കു സാധിക്കും. അന്തിമാനുമതി മാത്രം തദ്ദേശസ്ഥാപനം നൽകിയാൽ മതി. തദ്ദേശസ്ഥാപനങ്ങളിൽ ഉദ്യോഗസ്ഥരുടെ കുറവാണ് അപേക്ഷകളിൽ തീർപ്പു വൈകിക്കുന്നതെന്ന പതിവു പരാതി ഇല്ലാതാക്കാനും പരിഷ്കാരം ഉപകരിക്കും. പൊതുജനങ്ങൾക്ക് ഏറ്റവും എളുപ്പത്തിൽ സേവനം ലഭ്യമാക്കുക എന്നതാണല്ലോ സർക്കാരിന്റെ ലക്ഷ്യം. പല സേവനങ്ങളും സർക്കാരിതര ഏജൻസിക്ക് പരാതിക്കിടയില്ലാത്തവിധം ചെയ്യാനാകും. എതിർക്കാൻ ധാരാളം പേരുണ്ടാകുമെന്നതു മറന്നുകൊണ്ടല്ല പറയുന്നത്. എന്നിരുന്നാലും പരീക്ഷിക്കാവുന്ന നിർദ്ദേശം തന്നെയാണിത്.