ചോദ്യങ്ങൾക്കൊന്നുമല്ല ഉത്തരം കിട്ടുന്നത് എന്ന പരാതിയും പരിഭവവും കുറച്ച് ദിവസങ്ങളിലായി സഭയുടെ ആകാശത്തിങ്ങനെ അലയടിക്കുന്നുണ്ട്. പ്രതിപക്ഷത്തെ എ.പി. അനിൽകുമാർ പരാതിക്കെട്ടുകൾ പലതായി സ്പീക്കർക്ക് കൈമാറുന്നു. ഒരു ചോദ്യത്തിന്റെയകത്തെ എ, ബി, സി എന്നിങ്ങനെയുള്ള പിരിവ് ചോദ്യങ്ങൾക്ക് ഒരേ മറുപടി നൽകിയത് ശരിയായ പ്രവണതയല്ലെന്ന് അതിനാൽ കഴിഞ്ഞദിവസം സ്പീക്കർ എം.ബി. രാജേഷ് ആരോഗ്യമന്ത്രി വീണ ജോർജിന് നൽകിയ കത്തൊരു കോടാലിയായി.
മാദ്ധ്യമങ്ങളത്രയും സ്പീക്കർ മന്ത്രിയെ ശാസിച്ചുവെന്ന് വാർത്ത കൊടുത്തു. കിട്ടുന്ന പരാതികളിൽ നിയമസഭാസെക്രട്ടേറിയറ്റ് സ്വീകരിക്കുന്ന പൊതുനടപടിക്രമമല്ലാതെ അസാധാരണമായ ഒന്നും ഇതിനകത്തില്ലെന്ന് അതിനാൽ സ്പീക്കർക്ക് റൂളിംഗ് നൽകേണ്ടി വന്നു.
പാവം മന്ത്രിയെ സംശയിച്ചുപോയ പ്രതിപക്ഷം സമ്മതിക്കേണ്ടേ? പുറത്ത് വന്നതിനേക്കാൾ വലുത് മാളത്തിലുണ്ടെന്ന ഭാവത്തിലാണവർ. വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രദേശ വികസനവും ഭേദഗതി ബില്ലിന്റെ ചർച്ചയിൽ അവർ വ്യവസായമന്ത്രി പി. രാജീവിനെതിരെ ഇതേ പരാതിയുമായി തിരിഞ്ഞു. ഒരേ ഉത്തരം ചോദ്യത്തിന്റെ ഉൾപ്പിരിവുകൾക്കുള്ള മറുപടികളായി ആവർത്തിക്കുന്നത് സോഫ്റ്റ്‌വെയറിന്റെ കുഴപ്പമാണെന്ന് സ്പീക്കർ റൂളിംഗിൽ പറഞ്ഞത് മന്ത്രി രാജീവിന് ഓർമ്മിപ്പിക്കേണ്ടിവന്നു. സോഫ്റ്റ്‌വെയറിനെപ്പറ്റി എന്നാലന്വേഷിക്കണം എന്നാണ് പി.സി. വിഷ്ണുനാഥിന്റെ പരിഹാസം. ക്രൈംബ്രാഞ്ചോ അതോ സി.ബി.ഐയോ?
അർത്ഥവത്തായ സംവാദത്തിന് സജ്ജരായ നല്ല ശമരിയാക്കാരായി സാമാജികർ ഉയർന്ന ദിവസമായി ഇന്നലെ. ലഹരിമാഫിയയുടെ വിപത്ത് തുറന്നുകാട്ടി പി.സി.വിഷ്ണുനാഥിന്റെ നേതൃത്വത്തിൽ അടിയന്തരപ്രമേയ നോട്ടീസ് കൊണ്ടുവന്നത് ശൂന്യവേളയിൽ. സൂക്ഷിച്ചില്ലെങ്കിൽ നവമലയാളിയുടെ ഔദ്യോഗിക ആനന്ദമാർഗമായി എം.ഡി.എം.എ മാറുമെന്നാണ് വിഷ്ണുനാഥിന്റെ മുന്നറിയിപ്പ്. കാര്യഗൗരവത്തോടെ സഭയത് ഉൾക്കൊള്ളുന്നതായി തോന്നി.
ലഹരിമാഫിയയെ തുരത്താൻ സർക്കാരെടുക്കാൻ പോകുന്ന നടപടികളെ അക്കമിട്ട് വിവരിച്ച മുഖ്യമന്ത്രിയുടെ വാക്കുകളിൽ ആത്മാർത്ഥതയുടെ ആഴം പ്രകടമായിരുന്നു. സ്പീക്കറും പ്രതിപക്ഷനേതാവുമെല്ലാം അതിനോട് അനുഭാവം കാട്ടി. സർക്കാർ ഇടപെടലുകൾക്ക് സഭാ ടി.വിയുടെ സഹകരണം സ്പീക്കർ വാഗ്ദാനം ചെയ്തു. നാല് വയസ്സുള്ളപ്പോൾ താനെടുത്ത് നടന്ന മിടുക്കനായ കുട്ടി എൻജിനിയറിംഗ് കോളേജിലെത്തി ലഹരിക്കടിമപ്പെട്ട് രണ്ടാംവട്ടവും ഡി അഡിക്‌ഷൻകേന്ദ്രത്തിലാക്കപ്പെട്ട ദുരന്തകഥ പ്രതിപക്ഷനേതാവ് വിവരിച്ചു.
ദേശീയ അവാർഡ് നേടിയ നഞ്ചിയമ്മയുടേതടക്കം അട്ടപ്പാടിയിൽ ആദിവാസിഭൂമി വ്യാജരേഖ ചമച്ച് ഭൂമാഫിയകൾ കൈയേറുന്നുവെന്ന് കെ.കെ.രമ ശ്രദ്ധക്ഷണിക്കലിലൂടെ കൊണ്ടുവന്നത് ആ പാർശ്വവത്കൃതസമൂഹത്തോടുള്ള ഐക്യദാർഢ്യമായി. മണ്ണിന്റെ മക്കളായ ആദിവാസികളുടെ ഭൂമിയും വീടും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി രാജൻ മറുപടി നൽകി.
മാലിന്യമില്ലാത്ത നാടും നഗരവും സാമാജികരുടെയെല്ലാം സ്വപ്നമാണ്. മാലിന്യപ്ലാന്റിന്റെ കാര്യത്തിലേയുള്ളൂ അഭിപ്രായയ്ക്യമില്ലായ്മ. മാലിന്യപ്ലാന്റുകൾക്കായി സർക്കാരിന്റെ കൈയിലുള്ള 130കോടി രൂപചെലവിടാനാവാതെ കിടക്കുന്നതിന്റെ നിസ്സഹായതയാണ് മന്ത്രി എം.വി. ഗോവിന്ദൻ വിവരിച്ചത്. തിരുവനന്തപുരം മെഡിക്കൽകോളേജിലെ മാതൃകാ മാലിന്യസംസ്കരണപ്ലാന്റ് കാണാൻ അതിനാൽ എല്ലാ എതിർപ്പുകാരെയും മന്ത്രി ക്ഷണിച്ചു. ഫലമുണ്ടാകുമോ?