
തിരുവനന്തപുരം : തെരുവുനായ്ക്കളെ വന്ധ്യംകരിക്കുന്ന പദ്ധതി ഫലപ്രദമായ രീതിയിൽ എല്ലാ ജില്ലകളിലേക്കും വ്യാപിപ്പിക്കുമെന്ന് മന്ത്രിമാരായ എം.വി. ഗോവിന്ദനും ജെ. ചിഞ്ചുറാണിയും വാർത്താസമ്മേളനത്തിൽ പറഞ്ഞു.
മൃഗസംരക്ഷണ വകുപ്പിന്റെ കീഴിൽ നിലവിലുള്ള എ.ബി.സി സെന്ററുകളുടെ അടിസ്ഥാന സൗകര്യം മെച്ചപ്പെടുത്തും. 340 തദ്ദേശ സ്ഥാപനങ്ങൾക്ക് എ.ബി.സി പദ്ധതിക്കായി ആറ് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. മൃഗസംരക്ഷണ വകുപ്പിന്റെ കൈവശമുളള ആറ് ലക്ഷം വാക്സിനിൽ അഞ്ച് ലക്ഷവും മൃഗാശുപത്രികൾക്ക് കൈമാറി. ഇനി നാല് ലക്ഷം വാക്സിനുകൾ ഉടൻ വാങ്ങിവിതരണം ചെയ്യും. പേവിഷബാധ നിർമ്മാർജനത്തിന് സന്നദ്ധ സംഘടനകൾ, റെസിഡന്റ്സ് അസോസിയേഷനുകൾ എന്നിവയുമായി ചേർന്ന് സ്കൂളുകളിലടക്കം ബോധവത്കരണം നടത്തുമെന്നും ഇരുവരും പറഞ്ഞു. നായ്ക്കളുടെ ആക്രമണം വർദ്ധിച്ചതോടെയാണ് സർക്കാരിന്റെ നീക്കം.
സർക്കാരിന് നേരിട്ട് എ.ബി.സി പദ്ധതി നടപ്പാക്കാൻ അനിമൽ വെൽഫെയർ ബോർഡിന്റെ അനുമതി ആവശ്യമില്ല. ഇതിനാവശ്യമായ തുക തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ പദ്ധതി വിഹിതത്തിൽ വകയിരുത്തണം. വെറ്ററിനറി ഡോക്ടർമാർ, ഡോഗ് ക്യാച്ചർമാർ, മൃഗപരിപാലകർ എന്നിവരെ മൃഗസംരക്ഷണ വകുപ്പ് എംപാനൽ ചെയ്യും. ഓരോ എ.ബി.സി യൂണിറ്റിന്റെയും പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്തുകൾ മുനിസിപ്പാലിറ്റികൾ എന്നിവ തങ്ങളുടെ പ്രദേശത്തെ തെരുവുനായ്ക്കളുടെ എണ്ണത്തിനനുസരിച്ചുളള തുക പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതിരേഖ സമർപ്പിക്കണം. ഒരു വർഷമാണ് കാലാവധി.
പദ്ധതിയുടെ ഫലപ്രദമായ നടത്തിപ്പിന് മോണിറ്ററിംഗ് സമിതി രൂപീകരിക്കണം. സംസ്ഥാനത്ത് 30 എ.ബി.സി സെന്ററുകൾ സജ്ജമാക്കാനുള്ള നടപടിയാരംഭിച്ചിട്ടുണ്ട്.