
വെള്ളറട: ആര്യങ്കോട് ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്തുകളെ ബന്ധിപ്പിക്കുന്ന ചെമ്പൂർ പ്ളാംപഴിഞ്ഞിപാലം തുറന്നു.സി.കെ.ഹരീന്ദ്രൻ എം.എൽ.എയുടെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. 6.20 കോടി രൂപയാണ് നിർമ്മാണ ചെലവ്. 20 മീറ്റർ നീളത്തിലും 11 മീറ്റർ വീതിയിലുമാണ് പാലം നിർമ്മിച്ചിരിക്കുന്നത്.
1.5 മീറ്റർ വീതിയിൽ നടപ്പാതയുമുണ്ട്. പാലത്തിന്റെ ഇരുവശത്തും 1700 മീറ്റർ നീളത്തിൽ അപ്രോച്ച് റോഡ് നവീകരിച്ചിട്ടുണ്ട്. സി.കെ.ഹരീന്ദ്രൻ എം.എൽ.എയാണ് സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തി പാലം പണിയാൻ നടപടി സ്വീകരിച്ചത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി.സുരേഷ് കുമാർ, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജി.ലാൽകൃഷ്ണൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഒ.ഗിരിജകുമാരി,ആർ.ചെറുപുഷ്പം, ഒറ്റശേഖരമംഗലം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിബു ബാലകൃഷ്ണൻ, പൊതുമരാമത്ത് വകുപ്പ് ചീഫ് എൻജിനിയർ എം.അശോക് കുമാർ എന്നിവർ സംസാരിച്ചു.