a

തിരുവനന്തപുരം: വിഘ്‌നേശ്വര ജയന്തിനാളിലെ വിനായക ചതുർത്ഥി ഭക്തിനിർഭരമായ ആഘോഷമായി. ഗണപതിക്ഷേത്രങ്ങളിലെല്ലാം ഇന്നലെ പുലർച്ചയ്ക്ക് മഹാഗണപതിഹോമത്തോടെ പൂജകൾ നടന്നു. ഗണനാഥനെ സ്തുതിച്ച് ആയിരക്കണക്കിന് ഭക്തർ ക്ഷേത്രദർശനം നടത്തി. ചില ക്ഷേത്രങ്ങളിൽ ആനയൂട്ടും ഗജപൂജയും നടന്നു.

ചിങ്ങത്തിലെ ശുക്ലപക്ഷത്തിൽ വരുന്ന ചതുർത്ഥി ദിവസമാണ് വിനായകചതുർത്ഥി. ഗണപതിക്ഷേത്രങ്ങളിൽ വൻതോതിൽ മോദകം, ഉണ്ണിയപ്പം എന്നിവയുടെ നിവേദ്യവും പ്രത്യേകപൂജകളും നടന്നു. പഴവങ്ങാടി ഗണപതിക്ഷേത്രത്തിലും ശ്രീപദ്മനാഭസ്വാമി ക്ഷേത്രം ഉൾപ്പെടെ ഗണപതി ഉപദേവനായുള്ള മറ്റ് പ്രധാനക്ഷേത്രങ്ങളിലും വിനായകചതുർത്ഥി ആഘോഷം പ്രധാനമാണ്. പഴവങ്ങാടി ഗണപതി ക്ഷേത്രത്തിൽ ഇന്നലെ രാത്രി നടന്ന പുറത്തെഴുള്ളത്ത് ദർശിക്കാൻ ഭക്തരുടെ വലിയ തിരക്കനുഭവപ്പെട്ടു.

ഗണേശോത്സവ ട്രസ്റ്റിന്റെ നേതൃത്വത്തിൽ ജില്ലയിലെ വിവിധ കേന്ദ്രങ്ങളിൽ നടക്കുന്ന ഗണേശവിഗ്രഹപൂജകൾ അഞ്ചിന് സമാപിക്കും. വൈകിട്ട് അഞ്ചിന് പഴവങ്ങാടിയിൽ നിന്നും വിഗ്രഹഘോഷയാത്രയും ശംഖുമുഖം കടലിൽ വിഗ്രഹനിമജ്ജനവും നടക്കും.
ട്രസ്റ്റ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആഗസ്റ്റ് 28 ന് ഗണേശോത്സവ പൂജകൾ ആരംഭിച്ചിരുന്നു. ജില്ലയിലെ 1008 പ്രതിഷ്ഠാകേന്ദ്രങ്ങളിലും രണ്ട് ലക്ഷം വീടുകളിലുമാണ് ഗണേശപൂജ നടക്കുന്നത്. ഗണപതിയുടെ 32 രൂപഭാവങ്ങളിലും എട്ട് അവതാരരൂപത്തിലും ഉള്ള ഗണേശവിഗ്രഹങ്ങളാണ് പൂജിക്കുന്നത്. വിനായകചതുർത്ഥിക്ക് പൂജാകേന്ദ്രങ്ങളിൽ കൊഴുക്കട്ട പൊങ്കാല നടന്നു. അഞ്ചിന് രാവിലെ ശംഖുമുഖം ആറാട്ടുകടവിൽ 1,00,008 നാളികേരം സമർപ്പിച്ചുള്ള യജ്ഞം. വൈകിട്ട് നാലിന് പഴവങ്ങാടിയിൽ സാംസ്‌ക്കാരിക സമ്മേളനത്തിന് ശേഷം വിഗ്രഹഘോഷയാത്ര പുറപ്പെടും.