
തിരുവനന്തപുരം: മയക്കുമരുന്ന് കേസുകൾ കൈകാര്യം ചെയ്യാൻ എക്സൈസിന്റെ സേനാബലം വർദ്ധിപ്പിക്കണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു. ലഹരിമരുന്ന് ശൃംഖലയുടെ കണ്ണികൾ മുറിക്കണം. രണ്ടു കൊല്ലത്തിനിടെ പിടിയിലായവരിൽ 1978 പേർ 21 വയസിന് താഴെയുള്ളവരാണ്. ഇതിന്റെ അഞ്ചിരട്ടി വരും പിടിയിലാകാത്തവർ. പ്രതികൾക്ക് ജാമ്യം കിട്ടാനിടയുള്ള നിയമത്തിലെ പഴുതുകൾ ഇല്ലാതാക്കണം. കുറ്റവാളികളുടെ വിവരങ്ങളെല്ലാം ഉൾപ്പെടുന്ന ഡേറ്റാ ബാങ്ക് സജ്ജമാക്കി പ്രതികളെ വേഗം പിടികൂടണം.
കോടികളുടെ ലഹരി ബിസിനസാണ് കേരളത്തിൽ നടക്കുന്നത്. വാഹകരെ പിടികൂടുന്നുണ്ടെങ്കിലും സ്രോതസിലേക്ക് എത്തുന്നില്ല. റസിഡൻസ് അസോസിയേഷൻ പോലുള്ളവയെ ബോധവത്കരണത്തിന് നിയോഗിച്ചാൽ ഉപഭോഗവും വ്യാപനവും ഒരു പരിധിവരെ തടയാനാവുമെന്നും അടിയന്തര പ്രമേയ നോട്ടീസിന്മേൽ സംസാരിക്കവെ സതീശൻ പറഞ്ഞു. വിദ്യാർത്ഥിനികളെയും ലഹരിക്ക് അടിമപ്പെടുത്തുന്ന തരത്തിൽ സംഘങ്ങൾ വ്യാപകമായതായി അടിയന്തരപ്രമേയ നോട്ടീസ് അവതരിപ്പിച്ച പി.സി. വിഷ്ണുനാഥ് പറഞ്ഞു.