
തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി നേരിടുന്ന സാമ്പത്തിക പ്രതിസന്ധിയുടെ സാഹചര്യത്തിൽ മുഖ്യമന്ത്രിയും തൊഴിലാളി സംഘടനാ പ്രതിനിധികളും അഞ്ചിന് ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ ഓഫീസിലെ കോൺഫറൻസ് ഹാളിൽ നടക്കുന്ന ചർച്ചയിൽ മന്ത്രി ആന്റണി രാജുവും കെ.എസ്.ആർ.ടി.സി എം.ഡി ബിജു പ്രഭാകറും പങ്കെടുക്കും.
ചർച്ച ജയിച്ചാൽ ഓണത്തിന് മുൻപ് ശമ്പളവും അഡ്വാൻസും വിതരണം ചെയ്യാൻ സർക്കാർ ധനസഹായം അനുവദിക്കും. ഇല്ലാത്തപക്ഷം ഓണത്തിനു മുൻപ് ശമ്പളവും അഡ്വാൻസും നൽകാനാവില്ലെന്നാണ് മാനേജ്‌മെന്റ് നിലപാട്. സിംഗിൾ ഡ്യൂട്ടി വിഷയത്തിൽ കടുംപിടുത്തം ഉപേക്ഷിക്കണമെന്ന ആവശ്യത്തിൽ സംഘടനകളുടെ നിലപാടനുസരിച്ചാകും സഹായം ലഭിക്കുക. ധനസഹായം നൽകണമെന്ന ഉത്തരവിനെതിരെ കോടതിയിൽ പോയത് മറ്റ് പൊതുമേഖലാ കോർപ്പറേഷനുകൾക്ക് കീഴ്വഴക്കം ആകാതിരിക്കാനാണെന്നും ഇത് കെ.എസ്.ആർ.ടി.സിയെ സഹായിക്കുമെന്നുമാണ് ഉന്നത സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.