
തിരുവനന്തപരും: കൊടികൾ സംരംഭങ്ങളുടെ മുന്നിൽ നാട്ടാനുള്ളതല്ലെന്നും അവയ്‌ക്ക് അതിന്റേതായ മഹത്വമുണ്ടെന്നും മന്ത്രി പി. രാജീവ് നിയമസഭയിൽ പറഞ്ഞു. വ്യവസായ വകുപ്പുമായി ബന്ധപ്പെട്ട രണ്ട് ബില്ലുകളുടെ ചർച്ചയ്ക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം. കൊടികുത്തി സമരം ചെയ്താൽ അത് ലോകമാകെ അറിയും. എന്നാൽ സമരം അവസാനിച്ച് സംരംഭം പുനഃരാരംഭിച്ചാൽ ആരും അറിയാറില്ല. ട്രേഡ് യൂണിയനുകൾ തൊഴിലാളികളുടെ അവകാശങ്ങൾ നേടിയെടുക്കാനുള്ള സംവിധാനമാണ്.
വ്യവസായത്തിന് അനുകൂലമായ അന്തരീക്ഷമാണുള്ളത്. ഇതിന് വിരുദ്ധമാ ഒറ്റപ്പെട്ട സംഭവങ്ങൾ കണ്ടെത്തി തിരുത്തണം. കഴിഞ്ഞ അഞ്ച് മാസം കൊണ്ട് 51, 716 സംരംഭങ്ങളാണ് സംസ്ഥാനത്ത് തുടങ്ങിയത്. 3065 കോടിയുടെ നിക്ഷേപവും 1.13 ലക്ഷം തൊഴിലവസരങ്ങളും ഇതുവഴിയുണ്ടായി. വിമാനവാഹിനി കപ്പലായ വിക്രാന്തിന്റെ നിർമ്മാണത്തിൽ സംസ്ഥാനത്തെ 100 എം.എസ്.എം.ഇകളാണ് സഹകരിച്ചത്. കേരളത്തിൽ ഇത്തരം സംരംഭങ്ങൾക്ക് അനുകൂല സാഹചര്യമാണെന്നും പണിമുടക്ക് മൂലം ഒരു ദിവസം പോലും ജോലി തടസപ്പെട്ടില്ലെന്നുമുള്ള ഷിപ്പ് യാർഡ് സി.ഇ.ഒയുടെ വാക്കുകൾ സംരംഭക മേഖലയുടെ ആത്മവിശ്വാസം വർദ്ധിപ്പിക്കുന്നതാണ്. സംരംഭങ്ങൾക്ക് അനുമതി നൽകാനുള്ള നടപടി അകാരണമായി വൈകിപ്പിക്കുന്ന ഉദ്യോഗസ്ഥർക്ക് പിഴ ഏർപ്പെടുത്തുന്നത് ഒരു സന്ദേശം നൽകലാണെന്നും രാജീവ് പറഞ്ഞു.
2022ലെ കേരള വ്യവസായ ഏകജാലക ക്ലിയറൻസ് ബോർഡുകളും വ്യവസായ നഗരപ്രവേശ വികസനവും (ഭേദഗതി) ബില്ലും കേരള പബ്ലിക് എന്റർപ്രൈസസ് (സെലക്ഷനും റിക്രൂട്ട്‌മെന്റും) ബോർഡ് ബില്ലും നിയമസഭ പാസാക്കി. മഞ്ഞളാംകുഴി അലി, പി.സി. വിഷ്ണുനാഥ്, ജോബ് മൈക്കിൾ, സേവ്യർ ചിറ്രിലപ്പിള്ളി, സണ്ണിജോസഫ്, സി.കെ. ഹരീന്ദ്രൻ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.