govindan

തിരുവനന്തപുരം: ശുചിത്വ കേരളത്തിലേക്ക് നീങ്ങാൻ എല്ലാ രാഷ്ട്രീയപാർട്ടികളും സഹകരിക്കണമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ നിയമസഭയിൽ പറഞ്ഞു. മാലിന്യ സംസ്കരണ പ്ളാന്റുകൾ പോലുള്ള കേന്ദ്രീകൃത സംവിധാനങ്ങളും ഉറവിട മാലിന്യസംസ്കരണം പോലുള്ള വികേന്ദ്രീകൃത സംവിധാനങ്ങളും ഒരുപോലെ നടപ്പാക്കിയാലേ പ്രശ്നം പരിഹരിക്കാനാവു. മാലിന്യസംസ്‌കരണത്തിന് ലോകബാങ്ക് നൽകിയ 2500 കോടിയും അമൃത് പദ്ധതിയുടെ തുകയും സർക്കാരിന്റെ കൈവശമുണ്ട്. അമൃത് പദ്ധതി ഒന്നിന്റെ ഭാഗമായി നേരത്തെ അനുവദിച്ച 130 കോടി ഇതുവരെയും ചെലവഴിച്ചിട്ടില്ല.

മാലിന്യ നിർമ്മാർജ്ജനം കീറാമുട്ടിയാകുകയാണെന്ന് റോജി.എം.ജോണും പ്രശ്നത്തിന് കാലോചിതമായ പദ്ധതി അത്യന്താപേക്ഷിതമാണെന്ന് ടി.ജെ.വിനോദും പറഞ്ഞു. മാലിന്യ പ്ലാന്റുകൾ വേണമെന്ന് ആവശ്യപ്പെടുകയും സമരം ചെയ്ത് പദ്ധതി തകർക്കുകയും ചെയുന്ന പ്രതിപക്ഷ നിലപാട് ഇരട്ടത്താപ്പാണെന്ന് വി.ജോയി അഭിപ്രായപ്പെട്ടു. മാലിന്യം എൽ.ഡി.എഫിന്റെയോ യു.ഡി.എഫിന്റെയോ പ്രശ്നമല്ലെന്നും വരും തലമുറയ്ക്കുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുടിവെള്ളം,മാലിന്യം പോലുള്ള കാര്യങ്ങളിൽ സർക്കാർ വികസന അജണ്ട തയ്യാറാകണമെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണനും അഭിപ്രായപ്പെട്ടു.