■ബിൽ ഇന്ന് നിയമസഭയിൽ
തിരുവനന്തപുരം: വഖഫ്ബോർഡ് നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ട് കഴിഞ്ഞ ഒക്ടോബറിൽ നിയമസഭ പാസാക്കിയ ബിൽ സഭ റദ്ദാക്കും. ഇത് സംബന്ധിച്ച ബിൽ
ഇന്ന് നിയമസഭയിൽ അവതരിപ്പിക്കും.
നിയമനങ്ങൾ പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നേരത്തേ ബിൽ പാസാക്കി നിയമമായെങ്കിലും,മുസ്ലിം സംഘടനകളുടെ എതിർപ്പ് കാരണം തുടർ നടപടികൾ
മരവിപ്പിച്ചിരുന്നു. ഈ സമ്മേളനത്തിലും മുസ്ലിംലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി വിഷയം സഭയിലുയർത്തിയിരുന്നു. പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള തീരുമാനം തൽക്കാലം നടപ്പാക്കേണ്ടെന്ന് തീരുമാനിച്ച വിവരം മുഖ്യമന്ത്രി സഭയിൽ വെളിപ്പെടുത്തിയിരുന്നു..
സമസ്ത ഉൾപ്പെടെയുള്ള സംഘടനകളുടെ നേതാക്കളുമായി നേരത്തേ നടത്തിയ ചർച്ചയിലും മുഖ്യമന്ത്രി ഈ ഉറപ്പ് നൽകിയിരുന്നു.ബിൽ റദ്ദാക്കിക്കൊണ്ടുള്ള റിപ്പീലിംഗ് ബിൽ അവതരിപ്പിച്ച് പാസാക്കിയാൽ മതി. പ്രതിപക്ഷത്തിന്റെ കൂടി ആവശ്യമായതിനാൽ, ഇതിന്മേൽ ഇന്ന് ചർച്ചയ്ക്ക് സാദ്ധ്യതയില്ല.
തദ്ദേശ ഭരണത്തിന് പൊതു സർവീസ് : ബിൽ സഭ പാസാക്കി
പഞ്ചായത്ത്, മുനിസിപ്പാലിറ്റി, തദ്ദേശ വകുപ്പ്(പ്ളാനിംഗ്) എന്നിവയ്ക്ക് കീഴിലുള്ള സർവീസുകളെയും ഗ്രാമവികസന, തദ്ദേശ എൻജിനിയറിംഗ് സർവീസുകളെയും ഏകീകരിച്ചുകൊണ്ടുള്ള കേരള തദ്ദേശ സ്വയംഭരണ പൊതുസർവീസ് ബിൽ നിയമസഭ പാസാക്കി.
തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനം ഊർജ്ജിതപ്പെടുത്താനും സേവനങ്ങൾ വേഗത്തിലാക്കാനുമാണ് ഇതു കൊണ്ട് ലക്ഷ്യമിടുന്നത്. പ്രാദേശിക വികസനം, ആസൂത്രണം, ദുരന്തനിവാരണം, മാലിന്യസംസ്കരണം എന്നിവയിലടക്കം യോജിച്ചു പ്രവർത്തിക്കേണ്ട ജീവനക്കാർ വ്യത്യസ്ത വകുപ്പുകളിലായി പരസ്പര ബന്ധമില്ലാതെ കഴിയുന്ന രീതിക്ക് ഇതോടെ അവസാനമാവും.ഏകീകരണത്തിന് മുൻകാല പ്രാബല്യമുണ്ടായിരിക്കില്ലെന്നും ജീവനക്കാരുടെ പ്രമോഷനെ ഒരു വിധത്തിലും ഇത് ബാധിക്കില്ലെന്നും ചർച്ചയ്ക്കുള്ള മറുപടിയിൽ മന്ത്രി എം.വി.ഗോവിന്ദൻ വ്യക്തമാക്കി.. ലൈഫ് പദ്ധതിയിൽ പട്ടിക വിഭാഗങ്ങൾക്കും മത്സ്യത്തൊഴിലാളികൾക്കുമാണ് മുൻഗണന . കരാറിലെത്താൻ ഈ വിഭാഗങ്ങൾ മുന്നോട്ടുവരാത്ത സാഹചര്യത്തിൽ ഉദ്യോഗസ്ഥർ അങ്ങോട്ട്
പോവുകയാണെന്നും മന്ത്രി പറഞ്ഞു.
അധികാര വികേന്ദ്രീകരണ ആശയങ്ങൾക്ക് വിരുദ്ധമാണ് ബില്ലെന്ന് വിയോജനം രേഖപ്പെടുത്തിയ റോജി.എം.ജോൺ പറഞ്ഞു. പ്രായോഗിക വിഷയങ്ങൾ പഠിക്കാതെയും കണക്കിലെടുക്കാതെയുമുള്ള വകുപ്പുകളുടെ സംയോജനം തദ്ദേശ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.