onam

തിരുവനന്തപുരം: 60 വയസ് കഴിഞ്ഞ 60,602 പട്ടികവർഗക്കാർക്ക് 1000 രൂപ വീതം മുഖ്യമന്ത്രിയുടെ ഓണ സമ്മാനമായി നൽകാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇതിനുള്ള ചെലവ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നും അനുവദിക്കും.

ലൈഫ് മിഷൻ പദ്ധതി പ്രകാരം സങ്കേതങ്ങളുടെ ഉള്ളിലും സങ്കേതങ്ങളോട് ചേർന്ന പ്രദേശത്തും അതീവ ദുർഘട പ്രദേശത്തും വീട് വയ്ക്കുന്ന പട്ടികവർഗക്കാർക്ക് ധനസഹായം 6 ലക്ഷം രൂപയായി ഏകീകരിക്കും.കേരള കള്ള് വ്യവസായ തൊഴിലാളി ക്ഷേമനിധി ബോർഡിലെ ജീവനക്കാർക്ക് ശമ്പളപരിഷ്കരണ ആനുകൂല്യങ്ങൾ അനുവദിക്കും.

കെ.എസ്.ആർ.ടി.സിക്ക് വായ്പ:

മുദ്രവില, രജി. ഫീസ് ഒഴിവാക്കും

കെ.എസ്.ആർ.ടി.സിയുടെ അടിയന്തര പ്രവർത്തന ചെലവുകൾക്ക് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ നിന്നെടുക്കുന്ന 50 കോടിയുടെ തുടർവായ്പ കരാർ രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്‌ട്രേഷൻ ഫീസ് ഇനങ്ങളിൽ ആവശ്യമായ മൂന്നരക്കോടി രൂപ ഒഴിവാക്കും..

■വടക്കാഞ്ചേരി റെയ്ഞ്ചിലെ പൂങ്ങോട്ട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുതീ അണയ്ക്കുന്നതിനിടയിൽ മരണപ്പെട്ട രണ്ട് വാച്ചർമാരുടെ മക്കൾക്ക് സർക്കാർ സർവ്വീസിൽ സ്ഥിരം നിയമനം നൽകും.

■ചിന്നാർ വൈൽഡ് ലൈഫ് ഡിവിഷനിൽ കാട്ടാനയുടെ അതിക്രമത്തിൽ മരണപ്പെട്ട നാഗരാജിന്റെ ഭാര്യ ചിത്രാ ദേവിക്ക് വനം വകുപ്പിൽ വാച്ചർ തസ്തികയിൽ സ്ഥിരം നിയമനം നൽകും.

■കേരള ഡിജിറ്റൽ യൂണിവേഴ്സിറ്റിയുടെ നിലവിലുള്ള ഹോസ്റ്റൽ ബ്ലോക്കിന്റെ വിപുലീകരണത്തിന് 27 കോടി രൂപ കിഫ്ബി വഴി കണ്ടെത്തും.