തിരുവനന്തപുരം: 24 മുതൽ ഒക്ടോബർ 5 വരെ നടക്കുന്ന നവരാത്രി ഘോഷയാത്രയുടെ സുഗമമായ നടത്തിപ്പിനുള്ള ക്രമീകരണങ്ങൾ വിലയിരുത്താൻ കളക്ടറേറ്റിൽ യോഗം ചേർന്നു. ജില്ലാ കളക്ടർ ജെറോമിക് ജോർജിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗത്തിൽ സബ്കളക്ടർ എം.എസ്.മാധവിക്കുട്ടിയെ നോഡൽ ഓഫീസറായി നിയോഗിച്ചു. പത്മനാഭ സ്വാമി ക്ഷേത്രം, ചെന്തിട്ട ദേവീക്ഷേത്രം, ആര്യശാല ദേവീക്ഷേത്രം, പൂജപ്പുര ദേവീക്ഷേത്രം എന്നിവ ഉൾപ്പെടുന്ന 5 കിലോമീറ്റർ പ്രദേശം ഉത്സവമേഖലയായി പ്രഖ്യാപിച്ചു. ഘോഷയാത്ര കടന്നുപോകുന്ന പ്രധാന റോഡുകളുടെ അറ്റകുറ്റപ്പണി വേഗത്തിൽ പൂർത്തിയാക്കാൻ ബന്ധപ്പെട്ട വകുപ്പുകൾക്ക് നിർദ്ദേശം നൽകി. ഘോഷയാത്രയിൽ പങ്കെടുക്കുന്നവർക്കുള്ള ശുദ്ധജലം ജലവിഭവകുപ്പ് വിതരണം ചെയ്യും. ഇതിനാവശ്യമായ വാട്ടർ ടാങ്കുകൾ ദേവസ്വം ബോർഡ് സ്ഥാപിക്കും. ഉത്സവദിവസങ്ങളിൽ കെ.എസ്.ആർ.ടി.സി അധിക സർവീസ് നടത്തും. പാതയോരങ്ങളിലെ അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിച്ചു നീക്കാൻ ബന്ധപ്പെട്ട തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് നിർദ്ദേശം നൽകും. ശുചീകരണം, മാലിന്യസംസ്‌കരണം എന്നിവ ശുചിത്വമിഷനും തിരുവനന്തപുരം കോർപ്പറേഷനും ചേർന്ന് നിർവഹിക്കും. ആര്യശാലയിൽ അലോപ്പതി ആയുർവേദ മെഡിക്കൽ സംഘങ്ങളെ നിയോഗിക്കും. നവരാത്രി ഉത്സവത്തെ പ്രാദേശിക ഉത്സവമായി വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്തണമെന്ന ആവശ്യം ബന്ധപ്പെട്ട അധികാരികളുടെ ശ്രദ്ധയിൽപ്പെടുത്തും. ആവശ്യമായ സുരക്ഷാക്രമീകരണങ്ങൾ പൊലീസ് ഒരുക്കും. യോഗത്തിൽ എ.ഡി.എം അനിൽ ജോസ്.ജെ, വിവിധ വകുപ്പുകളിലെ ജില്ലാതല ഉദ്യോഗസ്ഥർ, വിവിധ ക്ഷേത്ര ഭാരവാഹികൾ തുടങ്ങിയവർ പങ്കെടുത്തു.