1

നേമം: ലോട്ടറി വാങ്ങിയ പണം തിരികെ ചോദിച്ചതിന്റെ വൈരാഗ്യത്തിൽ ലോട്ടറി കച്ചവടക്കാരനെ കുത്തി പരിക്കേല്പിച്ചു. നരുവാമൂട് മുക്കനടയ്ക്ക് സമീപം ലോട്ടറി കച്ചവടം നടത്തിവരുന്ന വിളപ്പിൽശാല പൊറ്റയിൽ കൊമ്പേറ്റി അമ്പാടി ഭവനിൽ അമ്പാടിയെയാണ് (49) കുത്തിപരിക്കേല്പിച്ചത്. സംഭവത്തിൽ തിരുവനന്തപുരം രാജാജി നഗർ സ്വദേശി രഞ്ജുവിനെ (35) നരുവാമൂട് പൊലീസ് അറസ്റ്റു ചെയ്തു.

ബുധനാഴ്ച രാവിലെ 10ഓടെയായിരുന്നു സംഭവം. ലോട്ടറി കടയിൽ നിന്ന അമ്പാടിയെ ലോട്ടറിയെടുത്ത വകയിൽ പലപ്പോഴായി കൊടുക്കാനുള്ള 15,000 രൂപ നൽകാമെന്നു പറഞ്ഞ് ഓട്ടോയിൽ കയറ്റി, പ്രതി വാടകയ്ക്ക് താമസിക്കുന്ന ട്രിനിറ്റി കോളേജിന് സമീപത്തെ വീട്ടിൽ എത്തിച്ചു. കൈയിൽ കരുതിയ ബാഗിൽ നിന്ന് കത്തിയെടുത്ത് നെഞ്ചിൽ കുത്തുകയായിരുന്നു. മുറിവേറ്റിട്ടും പുറംതിരിഞ്ഞ് ഓടാൻ ശ്രമിച്ച അമ്പാടിയെ മുതുകിൽ പ്രതി വിണ്ടും കുത്തി പരിക്കേല്പിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ അമ്പാടിയെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിച്ചു.