 
@ ഗതാഗതം പുനസ്ഥാപിക്കൽ വൈകും
കൽപ്പറ്റ: കണ്ണൂർ ജില്ലയെ വയനാടുമായി ബന്ധിപ്പിക്കുന്ന പേര്യ ചുരത്തിൽ കഴിഞ്ഞ ദിവസമുണ്ടായ ഉരുൾപൊട്ടലിനെ തുടർന്ന് റോഡ് പൂർണമായും അടച്ചു. ബുധനാഴ്ച വൈകീട്ടോടെ ഭാഗികമായി ഗതാഗതം പുനസ്ഥാപിച്ചെങ്കിലും ഇന്നലെ മഴ ശക്തമായതോടെ റോഡ് ഇടിയാൻ സാദ്ധ്യത മുന്നിൽ കണ്ടാണ് ഗതാഗതം പൂർണമായും നിരോധിച്ചത്. ബസുകളും ചെറുവാഹനങ്ങളും പാൽചുരം വഴിയും ചരക്ക് വാഹനങ്ങൾ കുറ്റ്യാടി, താമരശേരി ചുരം വഴിയും പോകേണ്ടതാണെന്ന് വയനാട് ജില്ലാ പൊലീസ് മേധാവി ആർ. ആനന്ദ് അറിയിച്ചു. തിങ്കളാഴ്ച രാത്രിയുണ്ടായ ഉരുൾപ്പൊട്ടലും മണ്ണിടിച്ചിലും കാരണം കൂറ്റൻ പാറക്കെട്ടുകളും മണ്ണും മരങ്ങളുമെല്ലാം കുത്തിയൊലിച്ച് വന്ന് ചുരം റോഡിൽ കുമിഞ്ഞ് കൂടി കിടക്കുകയാണ്. ചുരം പാതയിൽ പലയിടത്തും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്. മൂന്നു കിലോമീറ്ററോളം ദൂരത്തിൽ കല്ലും മണ്ണും മരങ്ങളും അടിഞ്ഞുകിടക്കുകയാണ്. ഉരുൾപൊട്ടൽ കൂടാതെ പേര്യ ചന്ദനത്തോട് മുതൽ സെമിനാരി വില്ലവരെ ആറ് കിലോമീറ്ററിനുള്ളിൽ പതിനാല് സ്ഥലങ്ങളിൽ ചെറുതും വലുതുമായ മണ്ണിടിച്ചിലുമുണ്ടായിരുന്നു. മലവെള്ളത്തിന്റെ ശക്തമായ കുത്തൊഴുക്കിൽ റോഡ് പലയിടങ്ങളിലും ഇടിഞ്ഞു താഴുകയും വിണ്ടുകീറുകയും ചെയ്തിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പ് കണ്ണൂർ ജില്ലാ എക്സിക്യുട്ടീവ് എൻജിനിയർ എം.ജഗദീഷ്, റോഡ് വിഭാഗം കൂത്തുപറമ്പ് അസി. എൻജിനിയർ വി.വി.പ്രസാദ് എന്നിവരുടെ മേൽനോട്ടത്തിൽ ഗതാഗതം പുനസ്ഥാപിക്കാനുള്ള പ്രവൃത്തി പുരോഗമിക്കുകയാണ്. നിരവധി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചാണ് റോഡിലെ കല്ലും മരങ്ങളും നീക്കാനുളള പരിശ്രമം നടക്കുന്നത്. നിരവധി തൊഴിലാളികളും നാട്ടുകാരും രംഗത്തുണ്ട്. റോഡ് പലയിടത്തും പൂർണമായും തകർന്നതിനാൽ ഗതാഗതം പുനസ്ഥാപിക്കൽ വൈകും.
#
ഉരുൾപൊട്ടലിന് കാരണം ക്വാറികൾ
പേര്യ ചുരം റോഡ് ഇതിന് മുമ്പൊന്നും ഉണ്ടാകാത്ത തരത്തിൽ ഉരുൾപൊട്ടാൻ കാരണം സമീപത്തെ രണ്ട് ക്വാറികളാണെന്ന് നാട്ടുകാർ പരാതിപ്പെടുന്നു. വയനാട്ടിലേക്കുളള മറ്റ് ചുരം റോഡുകളിൽ പലപ്പോഴും ഉരുൾപൊട്ടൽ ഉണ്ടായപ്പോഴും തകരാതെ കിടന്നത് പേര്യ ചുരം റോഡ് മാത്രമാണ്. രണ്ട് ക്വാറികളുടെ പ്രവർത്തനം ചുരം റോഡിന്റെ തകർച്ചയ്ക്ക് ഇടയാക്കിയെന്ന് നാട്ടുകാർ പറയുന്നു.