മേപ്പാടി :മുണ്ടക്കൈ വനമേഖലയിൽ ഉരുൾപൊട്ടിയതായി സംശയം. പുഴയിലൂടെ വെള്ളം കലങ്ങി വരുന്നതായി നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് റവന്യൂ ഉദ്യോഗസ്ഥരും ഫോറസ്റ്റ് അധികൃതരും സ്ഥലം സന്ദർശിച്ചു. 2020ൽ ഉരുൾപൊട്ടിയ പുഞ്ചിരിമട്ടം വനമേഖലയിൽ നിന്നുമാണ് വലിയതോതിൽ ചെളിവെള്ളം ഒഴുകി എത്തുന്നത്. ഈ ഭാഗത്ത് ഉരുൾപൊട്ടിയിരിക്കാമെന്നാണ് നിഗമനം. തുടർന്ന് നാട്ടുകാരുടെ നേതൃത്വത്തിൽ പുഞ്ചിരിമട്ടം ആദിവാസി കോളനിയിലെ കുടുംബങ്ങളെ ഫോറസ്റ്റ് കോർട്ടേഴ്സിലേക്ക് മാറ്റി താമസിപ്പിച്ചു.
അതിശക്തമായ മഴയാണ് രാത്രി ഏറെ വൈകിയും ഈഭാഗത്ത് അനുഭവപ്പെടുന്നത്. ഉരുൾപൊട്ടൽ ജനവാസ മേഖലയിൽ അല്ലെന്ന് വെള്ളരിമല വില്ലേജ് ഓഫീസർ അറിയിച്ചു.