ഹരിത ബയോ പ്ലാന്റ് ഇന്ന് മന്ത്രി എം.വി.ഗോവിന്ദൻ നാടിന് സമർപ്പിക്കും
കൽപ്പറ്റ: ക്ലീൻ കൽപ്പറ്റ പദ്ധതിയുടെ ഭാഗമായി നഗരസഭയിലെ മാലിന്യ സംസ്‌കരണത്തിനായി ആധുനിക യന്ത്രോപകരണങ്ങൾ സ്ഥാപിച്ച ഹരിത ബയോ പ്ലാന്റ് ഇന്ന് രാവിലെ 10ന് തദ്ദേശ സ്വയം ഭരണ മന്ത്രി എം.വി.ഗോവിന്ദൻ നാടിന് സമർപ്പിക്കും. ടി.സിദ്ദിഖ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ മുഖ്യപ്രഭാഷണം നടത്തും. കൽപ്പറ്റ നഗരസഭ സെക്രട്ടറി കെ.ജി. രവീന്ദ്രൻ റിപ്പോർട്ട് അവതരിപ്പിക്കും.യന്ത്രോപകരണങ്ങളുടെ സ്വിച്ച് ഓൺ കർമ്മം തദ്ദേശ സ്വയം ഭരണ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ നിർവഹിക്കും. മുനിസിപ്പാലിറ്റിയിലെ മാലിന്യപ്രശ്നത്തിന് പരിഹാരമായി ഹരിത ബയോപാർക്കിൽ ആധുനിക യന്ത്രോപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്. നഗരസഭയുടെ കൈവശമുള്ള വെള്ളാരം കുന്നിലെ 9 ഏക്കർ സ്ഥലത്താണ് ഖരജൈവ മാലിന്യങ്ങൾ സംസ്‌കരിക്കുന്ന കേരളത്തിലെ ഏറ്റവും വലിയ മാലിന്യസംസ്‌കരണ പ്ലാന്റ് സ്ഥാപിച്ചത്. ഇതോടെ സമ്പൂർണ മാലിന്യസംസ്‌കരണത്തിൽ സംസ്ഥാനത്തെ മൂന്നാമത്തെ നഗരസഭയായും ജില്ലയിലെ ആദ്യത്തെതായും കൽപ്പറ്റ മുനിസിപ്പാലിറ്റി മാറും. സമ്പൂർണ്ണ ശുചിത്വ നഗരസഭയെന്ന ലക്ഷ്യത്തിനായി ശുചിത്വമിഷനും കൽപ്പറ്റ മുനിസിപ്പാലിറ്റിയും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്. വെള്ളാരംകുന്നിലെ ഹരിത ബയോപാർക്കിൽ മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും (എം.സി.എഫ്), വിൻഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവർത്തിപ്പിക്കാനുള്ള വിശാലമായ സൗകര്യമാണ് ഒരുക്കിയിട്ടുള്ളത്. ഖര മാലിന്യങ്ങൾ തരം തിരിക്കാനായി സെഗ്രിഗേഷൻ യന്ത്രമായ സോർട്ടിംഗ് കൺവെയർ ബെൽറ്റും, ബെയിലിംഗ് മെഷീനും ജൈവമാലിന്യങ്ങൾക്കായി ഷ്രെഡിംഗ് യൂണിറ്റും, പൾവറ്റൈസർ സീവിംഗ് മെഷീനും സ്ഥാപിച്ചിട്ടുണ്ട്. ജൈവ മാലിന്യങ്ങൾ സംസ്‌കരിച്ച് വളമാക്കുന്നതിനും തരം തിരിച്ച മാലിന്യങ്ങൾ ബെയ്ൽ ചെയ്ത് വിൽപന നടത്തി വരുമാന മാർഗത്തിനും നഗരസഭക്ക് പദ്ധതിയുണ്ട്.
വെർമി കമ്പോസ്റ്റ് (മണ്ണിര), വിൻഡ്രോ കമ്പോസ്റ്റ് തുടങ്ങിയവയിലൂടെയും വളം ഉൽപാദിപ്പിക്കാനാവും. യൂനിസെഫിന്റ സാമ്പത്തിക സഹായത്തോടെ നിർമ്മിച്ച സെേ്രപ്രജ് ട്രീറ്റ്‌മെന്റ് പ്ലാന്റ് (എഫ്.എസ്.ടി.പി) പ്രവർത്തനം തുടങ്ങിയതോടെ സെ്ര്രപിക് ടാങ്ക് ശുചീകരണവും മുനിസിപ്പാലിറ്റിയിൽ കാര്യക്ഷമമായി നടപ്പാക്കുന്നുണ്ട്. മാലിന്യ സംസ് കരണ സംവിധാനം കാര്യക്ഷമമായി നടപ്പാക്കുന്നതിന്റെ ഭാഗമായി നഗരസഭയിൽ ഹരിത മിത്രം സ്മാർട്ട് ഗാർബേജ് മോണിറ്ററിംഗ് ആപ്ലിക്കേഷൻ സിസ്റ്റം നടപ്പാക്കി തുടങ്ങിയിട്ടുണ്ട്.
വെള്ളാരംകുന്നിലെ ഹരിത ബയോപാർക്കിലെ ആധുനിക യന്ത്രേപകരണങ്ങളും മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റി സെന്ററും (എം.സി.എഫ്), വിൻഡ്രോ കമ്പോസ്റ്റിംഗ് യൂണിറ്റും സംയുക്തമായി പ്രവർത്തിക്കുന്നതോടെ മാലിന്യപ്രശ്നത്തിന് ശാശ്വത പരിഹാരമാവുകയും സമ്പൂർണ്ണ ശുചിത്വ മുനിസിപ്പാലിറ്റിയായും കൽപ്പറ്റ മാറും.