കൽപ്പറ്റ: കശ്മീരിനെക്കുറിച്ചുള്ള കെ.ടി ജലീൽ എം.എൽ.എയുടെ വിവാദ പോസ്റ്റ് പിൻവലിച്ചത് കൊണ്ട് പ്രശ്നം അവസാനിക്കില്ലെന്ന് കേന്ദ്രമന്ത്രി വി.മുരളീധരൻ. രാജ്യദ്രോഹപരമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട അദ്ദേഹത്തിനെതിരെ നിയമനടപടി എടുക്കണമെന്ന് അദ്ദേഹം കൽപ്പറ്റയിൽ മാദ്ധ്യമപ്രവർത്തകരോട് പറഞ്ഞു. പുസ്തക പ്രകാശന ചടങ്ങിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു മുരളീധരൻ.

യാത്രാക്കുറിപ്പിലെ ചില പരാമർശങ്ങൾ തെറ്റിദ്ധാരണയ്ക്ക് ഇടയാക്കിയെന്നാണ് കെ.ടി ജലീൽ പറയുന്നത്. പ്രസ്താവനയിൽ പൂർണമായും അദ്ദേഹത്തിന് ഖേദമില്ലെന്നാണ് വ്യക്തമാക്കുന്നത്.
വിവാദമായപ്പോൾ രക്ഷപ്പെടാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് അദ്ദേഹം വേദപ്രകടനം നടത്തിയത്. ചെയ്ത തെറ്റിന്റെ ഗൗരവം ഉൾക്കൊള്ളാൻ ഇതുവരെയും അദ്ദേഹം തയ്യാറായിട്ടില്ല. എം.എൽ.എയ്ക്ക് ചേർന്ന നിലപാടല്ല അദ്ദേഹത്തിന്റെതെന്നും മുരളിധരൻ വ്യക്തമാക്കി. രാജ്യദ്രോഹപരമായ പരാമർശങ്ങളും വിഘടനവാദികളുടെ മുദ്രാവാക്യങ്ങൾ ഏറ്റെടുക്കുന്നതും ഒരു പൊതുപ്രവർത്തകന് ചേർന്നതല്ലെന്നും മന്ത്രി വ്യക്തമാക്കി.