 
കൽപ്പറ്റ : കൽപറ്റ പഴയ ബസ്റ്റാൻഡ് പരിസരത്ത് കക്കൂസ് മാലിന്യം പരക്കുന്നത് യാത്രക്കാർ,വ്യാപാരികൾ, ബസ് ജീവനക്കാർ തുടങ്ങിയവർ ദുരിതത്തിലാക്കുന്നു. ദുർഗന്ധം വമിക്കാൻ തുടങ്ങിയിട്ടും നഗരസഭയുടെ  ഭാഗത്ത് നിന്ന് യാതൊരുവിധ നടപടിയും ഉണ്ടാകുന്നില്ലെന്ന് ആക്ഷേപം. ശുചിത്വ കൽപ്പറ്റ പ്രഖ്യാപനം നടത്താൻ നഗരസഭ ഒരുങ്ങുമ്പോൾ ദിവസവും നൂറുകണക്കിന് യാത്രക്കാരെത്തുന്ന ബസ്റ്റാൻഡിലെ ദുരിതത്തിന് അറുതി വരുത്തണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്. നഗരസഭയുടെ കംഫർട്ട് സ്റ്റേഷനിൽ നിന്നുള്ള മലിനജലമെന്നാണ് നാട്ടുകാർ പറയുന്നത്. എന്നാൽ പ്രദേശത്തെ ലോഡ്ജ് ഉൾപ്പെടെയുള്ള മറ്റു സ്ഥാപനങ്ങളിൽ നിന്നാകാം മാലിന്യം പുറത്തേക്ക് ഒഴുകുന്നതെന്നാണ് നഗരസഭയുടെ വിശദീകരണം. ഏതു സ്ഥാപനത്തിൽ നിന്നുള്ള മാലിന്യമായാലും ദുർഗന്ധത്തിന് പരിഹാരം കാണാൻ തയ്യാറാകണമെന്നാണ് യാത്രക്കാരും വ്യാപാരികളും ആവശ്യപ്പെടുന്നത്.