മാനന്തവാടി:നേത്രദാന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനവും ബോധവത്കരണ റാലിയും നാളെ നടക്കും. ബോധവൽക്കരണ റാലി രാവിലെ 9 ന് ദ്വാരക ടൗണിൽ ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന ഫ്ളാഗ് ഓഫ് ചെയ്യും. 10 ന് പോരുന്നന്നൂർ സാമൂഹികരോഗ്യ കേന്ദ്രത്തിൽ നടക്കുന്ന പക്ഷാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാർ നിർവഹിക്കും. മാനന്തവാടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജസ്റ്റിൻ ബേബി അദ്ധ്യക്ഷത വഹിക്കും.ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. കെ. സക്കീന മുഖ്യ പ്രഭാഷണവും ആരോഗ്യ കേരളം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സമീഹ സൈതലവി പക്ഷാചരണ സന്ദേശവും ഡെപ്യുട്ടി ഡി.എം.ഒ ഡോ. പ്രിയ സേനൻ വിഷയാവതരണവും നടത്തും.
നേത്രദാനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിനാണ് എല്ലാ വർഷവും ആഗസ്റ്റ് 25 മുതൽ സെ്ര്രപംബർ 8 വരെ ദേശീയ നേത്രദാന പക്ഷാചരണം നടത്തുന്നത്. പക്ഷാചരണത്തോടനുബന്ധിച്ച് ജില്ലയിലെ സർക്കാർ ആരോഗ്യസ്ഥാപനങ്ങളിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ (ആരോഗ്യം ) ഡോ. കെ. സക്കീന അറിയിച്ചു.