വെങ്ങപ്പള്ളി: ലാൻഡ് ലെസ്സ് കോളനിയിലെ ശിവദാസനും സൂരിയാറ്റ കോളനിയിലെ സബിതയും വിവാഹിതരായി. അപകടത്തെ തുടർന്ന് അരക്ക് താഴെ ചലനശേഷി നഷ്ടപ്പെട്ട ശിവദാസൻ വീൽചെയറിൽ എത്തിയാണ് വെങ്ങപ്പള്ളി റെയിൻബോ ഓഡിറ്റോറിയത്തിൽ ഒരുക്കിയ മണ്ഡപത്തിൽ എത്തി സബിതയ്ക്ക് താലി ചാർത്തിയത്. മുറപ്പെണ്ണായ സബിതയുമായി എട്ടുവർഷം മുൻപ് വിവാഹം പറഞ്ഞു ഉറപ്പിച്ചതായിരുന്നു.

വിവാഹത്തിന് ദിവസങ്ങൾ മാത്രമുള്ളപ്പോൾ ശിവദാസന് കെട്ടിടത്തിന് മുകളിൽ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റു. ഇതോടെ കിടപ്പിലായ ശിവദാസനെ കൈവിടാൻ സബിത തയ്യാറായിരുന്നില്ല. ഇടയ്ക്കിടെ വീട്ടിലെത്തി സബിത ശിവദാസനെ പരിചരിച്ചു. മറ്റു വിവാഹം ചെയ്യാൻ സബിതയെ പലരും പ്രേരിപ്പിച്ചെങ്കിലും സബിത അതിനു തയ്യാറായില്ല. ഒടുവിലാണ് പാലിയേറ്റീവ് പ്രവർത്തകരുടെ സഹായത്തോടെ ഇരുവരും വിവാഹിതരാവാൻ തീരുമാനിച്ചത്.

#
ആചാരപ്രകാരമുള്ള ചടങ്ങ് ഒരുക്കി
സെക്കൻഡറി പാലിയേറ്റീവ് പ്രവർത്തകർ കൂടെയുണ്ടായിരുന്നു. രാവിലെ 10.30 നും 11.15നും ഇടയിലുള്ള മുഹൂർത്തത്തിലാണ് ഇരുവരും വിവാഹിതരായത്. കൃത്യം 10.30 ന് സബിത ഓഡിറ്റോറിയത്തിൽ എത്തിയിരുന്നു. അധികം വൈകാതെ ശിവദാസനും വാഹനത്തിൽ ഓഡിറ്റോറിയത്തിൽ എത്തി. വീൽചെയറിൽ മണ്ഡപത്തിലേക്ക്. ബന്ധുക്കളുടെയും നാട്ടുകാരുടെയും സാന്നിധ്യത്തിൽ ശിവദാസൻ സബിതയ്ക്ക് താലി ചാർത്തി.

ജില്ലാമെഡിക്കൽ ഓഫീസർ ഡോ.സക്കീന ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. ജനപ്രതിനിധികൾ ആരോഗ്യപ്രവർത്തകർ ,ട്രൈബൽ, പ്രമോട്ടർമാർ, ആശാ വർക്കർമാർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.