പുൽപ്പള്ളി:ഓണപൂക്കളമൊരുക്കാൻ ഇത്തവണ ചിലവേറെ. ഓണം വിപണിയിൽ പൂവിന് തീവില. കഴിഞ്ഞ വർഷത്തേക്കാൾ പൂക്കൾക്ക് ഇരട്ടിവിലയാണ് ഈടാക്കുന്നത്. കർണാടക, തമിഴ്നാട് എന്നിവിടങ്ങളിൽ നിന്നാണ് പൂക്കൾ എത്തുന്നത്. വയനാട് അതിർത്തിയിലെ ഗുണ്ടൽപേട്ടയിൽ നിന്നും മറ്റുമാണ് ചെണ്ടുമല്ലിയും മറ്റും എത്തുന്നത്. കഴിഞ്ഞ വർഷം 50 രൂപ തോതിൽ വിറ്റിരുന്ന ചെണ്ടുമല്ലിക്ക് ഇപ്പോൾ വില 100 രൂപയായി ഉയർന്നു. ജമന്തി പൂക്കൾക്കാണ് ഏറ്റവും കൂടുതൽ വില. കിലോയ്ക്ക് 500 രൂപയാണ് വില. ഉത്പാദന കുറവാണ് പൂവില ഉയരാൻ കാരണമെന്ന് വ്യാപാരികൾ പറയുന്നത്. പൂക്കളമത്സരക്കാരാണ് കൂടുതലായും പൂക്കൾ കൊണ്ടുപോകുന്നത്. നാട്ടിൽ നാടൻപൂക്കളുടെ ലഭ്യത കുറഞ്ഞതോടെ വിപണിയിൽ നിന്ന് പൂക്കൾ വാങ്ങി പൂക്കളമിടേണ്ട അവസ്ഥയാണ്. വരും ദിവസങ്ങളിൽ പൂക്കളുടെ വില ഇനിയുമുയരാനാണ് സാദ്ധ്യത. കഴിഞ്ഞ രണ്ട് വർഷം കൊവിഡിനെ തുടർന്ന് കാര്യമായ കച്ചവടം ഈ രംഗത്ത് ഉണ്ടായിരുന്നില്ല. ഇത്തവണ നാട്ടിലെങ്ങും ഓണാഘോഷം തകൃതിയാണ്. കർണാടകയിലടക്കം കൂടുതൽ മഴ ലഭിച്ചത് പൂക്കളുടെ ലഭ്യത കുറയാൻ ഇടയാക്കി. പൂക്കൾ കൊണ്ടുവരുന്നതിനുള്ള ചിലവും ഉയർന്നു. ഇക്കാരണവും പൂക്കളുടെ വിലവർദ്ധനക്ക് കാരണമായിട്ടുണ്ട്.
കഴിഞ്ഞവർഷം 50
ചെണ്ടുമല്ലി 100