s

കായംകുളം: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ പദയാത്രയ്ക്ക് ജില്ലയിൽ ഉജ്ജ്വല വരവേല്പ്. ഇന്നലെ രാവിലെ 8.20 ന് ജില്ല അതിർത്തിയായ ഓച്ചിറയിലെത്തിയ യാത്രയെ ആയിരക്കണക്കിന് കോൺഗ്രസ് പ്രവർത്തകർ താളമേളങ്ങളോടെ സ്വീകരിച്ചു. നാല് ദിവസമാണ് ജില്ലയിലെ പര്യടനം.

കൊല്ലം ജില്ലയിലെ സമാപനത്തിന് ശേഷം പ്രാതൽ കഴിച്ചാണ് രാഹുൽ ഗാന്ധി എത്തിയത്. വെളുത്ത ടീഷർട്ടും ഗ്രേ കോട്ടൺ പാന്റും നീല കാൻവാസ് ഷൂസും ധരിച്ച് നിറപുഞ്ചിരിയോടെ എത്തിയ രാഹുൽ ഗാന്ധിയെ കാണാൻ റോഡിന് ഇരുവശവും കോൺഗ്രസ് പ്രവർത്തകർ കാത്തുനിന്നു.

ജാഥ കൃഷ്ണപുരത്ത് എത്തിയപ്പോൾ മഴ ചാറിത്തുടങ്ങി. ഏഴ് കിലോമീറ്റർ പിന്നിട്ട് കായംകുളത്ത് എത്തുമ്പോൾ 9.20. കൃത്യം ഒരു മണിക്കൂർ നടന്ന് ജി.ഡി.എം ഗ്രൗണ്ടിൽ എത്തിയ രാഹുൽ പിന്നീട് വിശ്രമത്തിനായി കായംകുളം റസ്റ്റ് ഹൗസിൽ എത്തി. ഉച്ചയ്ക്ക് രണ്ടോടെ തിരികെ ജി.ഡി.എം ഗ്രൗണ്ടിൽ പ്രത്യേകം തയ്യാറാക്കിയ പന്തലിൽ എത്തി. തുടർന്ന് ഭിന്നശേഷി കുട്ടികളുമായും സമൂഹത്തിലെ നാനാതുറകളിൽപ്പെട്ടവരുമായും സംവദിച്ചു. ഇതിനിടടെ ഉച്ചഭക്ഷണം.

കനത്ത സുരക്ഷയിലായിരുന്നു രാഹുലിന്റെ യാത്ര. സ്പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പിന്റെ വലയത്തിൽ യാത്ര ചെയ്ത രാഹുലിന് ചുറ്റുമുള്ള വടത്തിന് പുറത്തേക്ക് പോകാനോ നേതാക്കൾക്ക് രാഹുലിന്റെ അടുത്തേക്ക് എത്താനോ കഴിഞ്ഞില്ല. പലേടത്തും വടം ഭേദിച്ച് അകത്ത് കയറാനുള്ള കോൺഗ്രസ് പ്രവർത്തകരുടെ ശ്രമം അംഗരക്ഷകർ തടഞ്ഞത് ഉന്തിലും തള്ളിലും കലാശിച്ചു. ചെറിയ കുട്ടികളുമായി രാഹുലിന് അടുത്തെത്താനുള്ള അമ്മമാരുടെ ശ്രമവും പരാജയപ്പെട്ടു. പല കോൺഗ്രസ് നേതാക്കൾക്കും വലയത്തിന് പുറത്ത് നിൽക്കേണ്ടിവന്നു.

കെ.സി. വേണുഗോപാൽ, പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ, രമേശ് ചെന്നിത്തല എം.എൽ.എ, കൊടിക്കുന്നിൽ സുരേഷ് എം.പി, കെ. മുരളീധരൻ എം.പി, അഡ്വ.എ.ത്രിവിക്രമൻ തമ്പി തുടങ്ങിയവർ രാഹുൽ ഗാന്ധിയെ അനുഗമിച്ചു. വൈകിട്ട് നാലിന് ആരംഭിച്ച പദയാത്ര നങ്ങ്യാർകുളങ്ങരയിൽ സമാപിച്ചു.