 
റോഡുകൾ തകർന്നു
മാവേലിക്കര : ചെട്ടികുളങ്ങര ഗ്രാമപഞ്ചായത്തിലെ ഗ്രാമീണ റോഡുകൾ തകർന്നതോടെ യാത്രക്കാർ ദുരിതത്തിലായി. പ്രധാന റോഡുകളിൽപ്പോഴും കുഴികൾ നിറഞ്ഞതോടെ അപകടങ്ങൾ തുടർക്കഥയായി.
പനച്ചമൂട് - കാട്ടുവള്ളിൽ റോഡ് തകർന്നിട്ട് ഒരു വർഷത്തോളമായി. തട്ടാരമ്പലം -മാവേലിക്കര റോഡിലെ പാലം പണി നടന്നപ്പോൾ വാഹനങ്ങൾ കൂട്ടാത്തോടെ ഇതുവഴി കടത്തിവിട്ടതാണ് റോഡ് പൊളിയാൻ കാരണം.
തട്ടാരമ്പലം - മാവേലിക്കര റോഡിലെ പണി കഴിഞ്ഞ് റോഡ് നന്നാക്കുമെന്നായിരുന്നു വാഗ്ദാനമെങ്കിലും പാലിച്ചില്ല. അറ്റകുറ്റപ്പണി ചെയ്തെങ്കിലും മഴ പെയ്താൽ തോടാകുന്ന സ്ഥിതിയിലാണ് ഇപ്പോഴും റോഡ്.
കരിപ്പുഴ - വടക്കേത്തുണ്ടം റോഡ്
കരിപ്പുഴ - വടക്കേത്തുണ്ടം റോഡിൽ മനായിൽ ക്ഷേതത്തിനു വടക്ക് റോഡിൽ വാട്ടർ അതോറിട്ടി അറ്റകുറ്റപ്പണിക്കായെടുത്ത കുഴിയാണ് അപകടാവസ്ഥയുണ്ടാക്കുന്നത്. വാഹനങ്ങൾ കുഴിയിൽ വീണ് പല തവണ അപകടങ്ങൾ ഉണ്ടായിട്ടും അധികൃതർ കണ്ടില്ലെന്ന് നടിക്കുകയാണ്.
കടവൂർ - അച്ചൻവാതുക്കൽ കോളനി റോഡ്
കടവൂർ - അച്ചൻവാതുക്കൽ കോളനി റോഡ് കഴിഞ്ഞ മഴക്കാലത്താണ് പൊളിഞ്ഞത്. വെള്ളത്തിന്റെ ഒഴുക്കിൽ റോഡിലെ ടാർ ഭാഗം ഒലിച്ച് പോയി. മെറ്റൽ തെളിഞ്ഞുകിടക്കുന്നതിനാൽ വാഹന ഗതാഗതം ബുദ്ധിമുട്ടാണ്.
ചെട്ടികുളങ്ങര - കാട്ടുതറ മുക്ക് റോഡ്
ചെട്ടികുളങ്ങര ക്ഷേത്രത്തിനു പടിഞ്ഞാറുവശം വടക്കോട്ട് ഹൈസ്കൂളിലേക്കുള്ള ചെട്ടികുളങ്ങര - കാട്ടുതറ മുക്ക് റോഡ് തകർന്നിട്ട് നാളുകളായി. കഴിഞ്ഞ ദിവസം കുട്ടികളുമായി പോയ സ്കൂൾ ബസ് ഈ റോഡിൽ അപകടത്തിൽപ്പെട്ടിരുന്നു. നിരവധി യാത്രക്കാരും സ്കൂൾ വിദ്യാർത്ഥികളും യാത്രചെയ്യുന്ന പഞ്ചായത്ത് റോഡിൽ വെള്ളക്കെട്ടും വലിയ കുഴികളുമാണ്.