
ശ്മശാനം അടച്ചിട്ട് ഒരുവർഷം
കായംകുളം: പ്രവർത്തന രഹിതമായതിനെത്തുടർന്ന് ഒരു വർഷം മുമ്പ് അടച്ചുപൂട്ടിയ കായംകുളം നഗരസഭ വക ശ്മശാനം തുറന്നു കൊടുക്കാൻ അധികൃതർ തയ്യാറാകാത്തതിൽ പ്രതിഷേധം. മറ്റൊരു ശ്മശാനമില്ലാത്തതിനാൽ ഇവിടെ വിറക് ഉപയോഗിച്ച് പുറത്തു നടത്തുന്ന സംസ്കാര ചടങ്ങുകൾ പ്രദേശവാസികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു.
നഗരത്തിന് കിഴക്ക് 35-ാം വാർഡിലാണ് 50 സെന്റ് വിസ്തൃതിയുള്ള ശ്മശാനം. വിറകിലുള്ള സംസ്കാരത്തിനായി മൂന്ന് ഫർണസുകളാണ് ശാസ്ത്രീയമായി തയ്യാറാക്കിയിരുന്നത്. ഇതിൽ മൃതദേഹം വച്ച് സംസ്കരിക്കുന്ന ഗ്രില്ല് മോഷണം പോയിരുന്നു. നഗരസഭ പരാതി നൽകിയതിനെ തുടർന്ന് പൊലീസ് ആക്രിക്കടയിൽ നിന്ന് ഈ ഗ്രില്ല് കണ്ടെടുത്തു. പക്ഷേ, ഇത് പുനസ്ഥാപിക്കാൻ പിന്നീട് നടപടിയൊന്നും ഉണ്ടായില്ല.
ഗ്രില്ല് ഇല്ലാത്തതിനാൽ നിലവിൽ പ്ലാറ്റ്‌ഫോമിനു സമീപമാണ് വിറകിൽത്തന്നെ മൃതദേഹം കത്തിക്കുന്നത്. ഇത് പരിസരവാസികൾക്ക് ഏറെ ബുദ്ധിമുട്ടുണ്ടാക്കുന്നു. മൃതദേഹം സംസ്‌കരിക്കാൻ സ്ഥലപരിമിതി നേരിടുന്ന മൂന്ന് സമുദായങ്ങൾക്ക് ഇതിനോട് ചേർന്ന് സർക്കാർ സ്ഥലം അനുവദിച്ചിട്ടുണ്ട്. ഇവിടവും കാടുകയറി കിടക്കുകയാണ്.
വൈദ്യുതി കണക്ഷൻ പോലുമില്ല.
# ഇഴജന്തുക്കൾ വീട്ടിലേക്ക്
ഇഴജന്തുക്കളുടെ താവളമായ ശ്മശാനത്തിന്റെ പരിസരത്തുള്ള റോഡിൽക്കൂടി നടക്കാൻ പോലും നാട്ടുകാർക്ക് ഭയമാണ്. മൂർഖനും അണലിയും ഉൾപ്പെടെ പരിസരത്തെ വീടുകളിലേക്ക് ഇഴഞ്ഞെത്താറുണ്ടെന്ന് നാട്ടുകാർ പറയുന്നു. വീടുകളിൽ സംസ്കരിക്കാനാവാത്ത മൃതദേഹങ്ങളും അജ്ഞാത മൃതദേഹങ്ങളുമാണ് ഇവിടെ എത്തിക്കുന്നത്. ശുചിത്വ മിഷൻ വഴി ശ്മാശനം നവീകരിക്കാൻ നേരത്തെ പദ്ധതി തയ്യാറാക്കിയിരുന്നെങ്കിലും പിന്നീട് അരും തിരിഞ്ഞ് നോക്കിയില്ല.