ഒാണമെന്ന് കേൾക്കുമ്പോൾ കൃഷ്ണതേജയുടെ മനസിൽ നിറയുന്നത് പുലികളിയുടെ കൗതുകങ്ങളാണ്. വർണചാർത്തുകളിൽ വയറു കുലുക്കി നിറഞ്ഞാടുന്ന പുലിക്കൂട്ടങ്ങൾ നയനാനന്ദകരമായ കാഴ്ചയാണെന്ന് ഓണം ഓർമ്മകൾ പങ്കുവെച്ച് ആലപ്പുഴയുടെ ജനകീയ കളക്ടർ

വി.ആർ.കൃഷ്ണതേജ ഭാര്യ റാഗ ദീപ മകൻ ഋഷിത്ത് നന്ദ
ചിങ്ങം പിറന്നതോടെ വി.ആർ.കൃഷ്ണതേജയുടെ മനം നിറയെ പൊന്നോണ കാഴ്ചകളാണ്. എത്ര ഒാണമുണ്ടെന്ന് ചോദിച്ചാൽ ആറെന്ന് ഉടനടി മറുപടി. ഏഴാമത്തെ ഓണമുണ്ണാൻ കൈകഴുകി ഇലയിട്ടിരിക്കുകയാണെന്ന് ചിരിയോടെ പറയുമ്പോൾ ആന്ധ്രാപ്രദേശ് സ്വദേശിയായ കൃഷ്ണതേജയെന്ന ആലപ്പുഴ കളക്ടർ തനി മലയാളിയായി. ഭാര്യയ്ക്കും മകനുമൊപ്പം അത്തപൂക്കളവും സദ്യവട്ടങ്ങളുമൊരുക്കി ഒാണത്തെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ് ഈ കുടുംബം. ആലപ്പുഴയിലെ വീട്ടിലുണ്ടാക്കുന്ന സദ്യ ഒരുമിച്ചിരുന്ന് ഉണ്ണാൻ ആന്ധ്രാപ്രദേശിലുള്ള അച്ഛൻ ശിവാനന്ദ കുമാർ അമ്മ ഭുവനേശ്വരി എന്നിവരെ ക്ഷണിച്ചിട്ടുണ്ട് . മലയാളികൾക്കൊപ്പം ആറ് ഓണമുണ്ടതിന്റെ ഓർമ്മകളിലൂടെ ഒരു സഞ്ചാരം.
മായാത്ത കാഴ്ച
2016 ലെ ഒാണക്കാലത്താണ് കളക്ടർ ട്രെയിനിയായി കൃഷ്ണതേജ തൃശൂരിലെത്തുന്നത്. അന്നു കണ്ട പുലികളിയാണ് ഓണമാകുമ്പോൾ മനസിലേക്ക് ഓടിയെത്തുന്നത്. എന്തൊരു പെർഫോമൻസ്. വർണചാർത്തുകളിൽ വയറുക്കുലുക്കി നിറഞ്ഞാടുന്ന പുലിക്കൂട്ടങ്ങൾ നയനാനന്ദകരമായ കാഴ്ചയാണ്. പുലികളിയുടെ ലഹരിയിലാണ്ടുപോയ നിമിഷങ്ങൾ നാട്ടിലുള്ള അച്ഛനും അമ്മയ്ക്കും പകർന്നു നൽകിയത് ഇന്നും ഓർമ്മകളിൽ നിന്ന് മായുന്നില്ല. പുലികളിയെക്കുറിച്ച് അര മണിക്കൂർ ഫോണിലൂടെ വിവരിച്ചു. തേക്കിൻകാട് മൈതാനത്തിനു മുന്നിൽ പുലിക്കൂട്ടങ്ങൾ നിരന്ന് നിൽക്കുന്നത് അത്ഭുത കാഴ്ചയാണ്. വെനീസ് ഫെസ്റ്റിന് സമാനവുമാണ്. ഇന്റർനാഷണൽ പെർഫോമൻസ് എന്ന് പുലികളിയെ വിശേഷിപ്പിക്കാം. അന്ന് ജില്ലാ കളക്ടർക്കൊപ്പം ഒരുപാട് ഓണസദ്യയും കഴിച്ചു. കളക്ടർ പോകുന്നിടത്തെല്ലാം എനിക്കും പോകണമായിരുന്നു. വ്യത്യസ്ത തരം സദ്യകളും പായസവും എനിക്ക് അത്ഭുതമായിരുന്നു. ഇന്ന് അതിൽ പലതും എന്റെയും കുടുംബത്തിന്റെയും ഭാഗമായെന്നതാണ് മറ്റൊരു അത്ഭുതം.പാലടയുടെ രുചി ഇപ്പോഴും നാവിലുണ്ട്. സമയം കിട്ടിയാൽ ഇത്തവണ പുലികളി കാണാൻ തൃശൂരിലേക്ക് പോകാനുള്ള തയ്യാറെടുപ്പിലാണ് കൃഷ്ണതേജ.
അവിയലും തോരനുംമസ്റ്റ്
തൃശൂരിൽ ട്രെയിനിംഗ് കളക്ടറായിരുന്നപ്പോഴാണ് ആന്ധ്രാപ്രദേശ് സ്വദേശിനിയായ റാഗ ദീപയുമായി കൃഷ്ണതേജയുടെ വിവാഹനിശ്ചയം. ഓണസദ്യയുടെ രുചിവൈവിദ്ധ്യം വർണിച്ചപ്പോൾ അവർക്കും ഇഷ്ടമായെന്ന് കൃഷ്തേജ. ഇന്ന് ആഴ്ചയിൽ നാലു ദിവസം അവിയലും തോരനും കൃഷ്ണതേജയ്ക്ക് മസ്റ്റാണ്. പാചകം ചെയ്യുന്നത് ഭാര്യയും. അത്തപ്പൂക്കളത്തെക്കുറിച്ച് കേട്ടറിഞ്ഞ റാഗ അതും പഠിച്ചെടുത്തു. തിരുവോണത്തിന് ആലപ്പുഴയിലെ വസതിയിൽ പൂക്കളമിടാനുള്ള ഒരുക്കത്തിലാണ് ചാർട്ടേഡ്അക്കൗണ്ടന്റു കൂടിയായ റാഗ.2017 ൽ ഡൽഹി കേരള ഹൗസിലായിരുന്നു കൃഷ്ണതേജയുടെ ഓണാഘോഷം. മലയാളികളും അല്ലാത്തവരുമായ ഐ.എ.എസ് കേഡറിലെ ഉദ്യോഗസ്ഥർക്കെല്ലാം ഓണസദ്യ വിളമ്പി. വ്യത്യസ്തമായ ഒരു അനുഭവം അവർക്ക് സമ്മാനിക്കാനായി. അവരും കേരളത്തെയും ഓണത്തെയും അടുത്തറിഞ്ഞു. 2018 ൽ പ്രളയം തകർത്തെറിഞ്ഞ നാടിന്റെ ഒത്തുചേരലായിരുന്നു ഓണം. അന്ന് ആലപ്പുഴ സബ് കളക്ടർ. ചേർത്തല എസ്.എൻ കോളേജിലെ ക്യാമ്പിൽ മന്ത്രിയായിരുന്ന പി. തിലോത്തമനൊപ്പം ഓണമുണ്ടത് ഇന്നും ഓർക്കുന്നു. സാധാരണക്കാരിൽ ഒരാളായി മന്ത്രി മാറുന്നതും നേരിൽ കാണാനായി. 2019 ലും ക്യാമ്പുകളിലായിരുന്നു ഓണാഘോഷം. അവിടെ നിന്ന് ലഭിച്ച സംതൃപ്തി മറ്റൊരിടത്തും നിന്നും ലഭിക്കില്ലെന്ന് കൃഷ്ണതേജ പറയുന്നു.
പായസമേളയും ലോകപൂക്കളവും
2020 ൽ കൊവിഡ് പടർന്നുപിടിച്ച സമയം. അന്ന് കെ.ടി.ഡി.സി എം.ഡിയായിരുന്നു. പായസം എങ്ങനെ മലയാളികളുടെ കൈകളിൽ എത്തിക്കുമെന്നായിരുന്നു ചിന്ത. അതിനുള്ള ഉത്തരമായിരുന്നു പായ്ക്കറ്റുകളിലെ പായസം. എത്രയോ വെറൈറ്റികളുണ്ടാക്കി. അതിനായി പാചകക്കാർക്ക് പ്രത്യേകം പരിശീലനം നൽകി. 25 ലധികം വെറൈറ്റികളിൽ കാരറ്റ് പായസം വരെ ഇടംപിടിച്ചു. വിവിധ തരം പായസങ്ങളുടെ രുചി ഒന്ന് വേറെ തന്നെയാണ്. 2021 ൽ ടൂറിസം ഡയറക്ടറായിരുന്നപ്പോൾ ലോകപൂക്കളം ഓൺലൈനുകളിലൂടെ സൃഷ്ടിച്ചു. ആയിരക്കണക്കിന് പേരാണ് ആ മത്സരത്തിൽ അണിനിരന്നത്. ഓരോ വർഷവും ഒാണമെങ്ങനെ വ്യത്യസ്തമാക്കാമെന്നാണ് കൃഷ്ണതേജയുടെ മനസു നിറയെ.
മറക്കില്ല, ഈ ഓണസമ്മാനം
ദിവസങ്ങൾക്ക് മുമ്പ് ആലപ്പുഴ പുറക്കാട്ട് സ്കൂളിലെ 40 കുട്ടികൾ കാണാനെത്തി. പോകാൻ നേരം അവർ കസവു മുണ്ടും സാരിയും സമ്മാനിച്ചു. ' സാറിന്റെ അച്ഛനും അമ്മയ്ക്കുമുള്ള ഓണസമ്മാനമെന്നായിരുന്നു കുരുന്നുകളുടെ മറുപടി" എന്റെ കണ്ണു നിറഞ്ഞു പോയി. ആ സമ്മാനം എന്റെ ഹൃദയത്തോടു ചേർത്തു വയ്ക്കും. എന്നും ഓണക്കാലത്തെ മനോഹരമായ ഓർമ്മയായിരിക്കും അതെന്ന് തീർച്ച. എനിക്കും ഇപ്പോൾ കസവ് മുണ്ടുകളോട് പെരുത്ത ഇഷ്ടമാണ്. നാട്ടിലായിരുന്നപ്പോൾ വല്ലപ്പോഴും മുണ്ടുടുക്കുമായിരുന്നെങ്കിലും ഇത്തരത്തിലുള്ളതായിരുന്നില്ല. ഭാര്യയ്ക്കും കസവു സാരിയോട് പ്രിയമായി. ഇപ്പോൾ തനി മലയാളിയായി മാറിയതിനാൽ കസവുമുണ്ടുടുത്ത് നടക്കാനാണിഷ്ടം. ഇത്തവണ തിരുവോണത്തിന് അഞ്ചു വയസുകാരൻ മകൻ ഋഷിത്ത് നന്ദയ്ക്ക് ഒരു കുട്ടി കസവ് മുണ്ട് സമ്മാനിക്കും.
കുരുന്നുകൾക്ക് ഉൗഞ്ഞാൽ സമ്മാനം
കുരുന്നുകളോട് എനിക്ക് എന്നും പ്രത്യേകതരം ഒരു കരുതലുണ്ടാകും. ഞാനും ഇല്ലായ്മകളിൽ നിന്ന് പഠിച്ചു വളർന്നതാണ്. എന്റെ കരുതലിനെ ചിലർ കളിയാക്കുന്നുണ്ട്. അത് അവരുടെ പ്രശ്നം. എന്റെ കുട്ടികൾക്ക് ഒാണസമ്മാനമായി കളക്ടർ മാമാൻ ഉൗഞ്ഞാൽ സമ്മാനിക്കും. ഓണാവധിക്ക് ആലപ്പുഴ ബീച്ചിലാണ് കളർഫുളായ ഉൗഞ്ഞാൽ കെട്ടുന്നത്. കുട്ടികൾക്ക് ആടി തിമിർത്ത് മടങ്ങാം.വരും വർഷങ്ങളിലും ഓണക്കാലത്ത് കേരളത്തിൽ കഴിയാനാണ് ഇഷ്ടമെന്നും കൃഷ്ണതേജ തുറന്നുപറയുന്നു. എന്നും കുടുംബത്തിനൊപ്പം ഒാണമാഘോഷിച്ചുള്ള ഒരു കാലമാണ് മനസിൽ. ഒപ്പം പുലികളിക്ക് കുറച്ചുകൂടി പ്രൊമോഷൻ നൽകണം. വയറുക്കുലുക്കിയുള്ള ആ പോക്കൊന്ന് കാണാൻ എന്തു ചേലാണ്. മേയ്ക്കപ്പ് വിവരിക്കാനാവുന്നില്ല.എത്രയോ മണിക്കൂറാണ് അവരുടെ പ്രകടനം. സംസാരം പിന്നെയും പുലികളിയിൽ എത്തിനിന്നു. കേരളകൗമുദിയിലൂടെ എല്ലാ മലയാളികൾക്കും ഓണാശംസയും കൃഷ്ണതേജ നേർന്നു.