
ആലപ്പുഴ: കാലിൽ പൊട്ടിയൊലിക്കുന്ന വ്രണവുമായി ആരോരുമില്ലാതെ തെരുവിൽ കഴിഞ്ഞിരുന്ന ആലപ്പുഴ സ്വദേശി സുധീഷിന് സാമൂഹ്യനീതി വകുപ്പ് ചികിത്സയൊരുക്കി. ഏറെക്കാലമായി തോണ്ടൻകുളങ്ങരയ്ക്ക് സമീപം കടത്തിണ്ണയിലാണ് സുധീഷ് കഴിഞ്ഞിരുന്നത്.
ഓൾ ഡവലപ്പ്‌മെന്റ് റെസ്‌പോൺസ് ഫോറം എന്ന സംഘടനയാണ് ജില്ലാ സാമൂഹ്യ നീതി വകുപ്പിനെ വിവരമറിയിച്ചത്. വിഷയം ജില്ലാ കളക്ടർ വി.ആർ.കൃഷ്ണ തേജയുടെയും ശ്രദ്ധയിൽപ്പെടുത്തി. തുടർന്ന് ചികിത്സക്കായി സുധീഷിനെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. എ.ഡി.എം എസ്.സന്തോഷ് കുമാർ, ജില്ലാ സാമൂഹ്യനീതി ഓഫീസർ എ.ഒ.അബീൻ, എ.ഡി.ആർ.എഫ് കോ-ഓർഡിനേറ്റർ പ്രേംസായി ഹരിദാസ് എന്നിവർ നടപടികൾക്ക് നേതൃത്വം നൽകി. മുൻ മന്ത്രി കെ.പി.രാജേന്ദ്രൻ യാത്രാ മദ്ധ്യേ സുധീഷിന്റെ അസുഖ വിവരങ്ങൾ ചോദിച്ചറിഞ്ഞു.