s
നാളികേര കൃഷി

നാളികേര കൃഷിയുടെ വിസ്തൃതി കുറഞ്ഞു

ആലപ്പുഴ : നാളികേര കൃഷി പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ വിവിധ പദ്ധതികൾ നടപ്പാക്കുമ്പോഴും സംസ്ഥാനത്ത് തെങ്ങുകളുടെ കൃഷിയി​ടത്തി​ന്റെ വിസ്തൃതി ഓരോ വർഷവും കുറയുന്നു. 1970-71ൽ രാജ്യത്ത് 10.46 ലക്ഷം ഹെക്ടറി​ൽ തെങ്ങുകൃഷി ചെയ്തപ്പോൾ ഇതി​ൽ 7.19 ലക്ഷം ഹെക്ടറും കേരളത്തി​ലായിരുന്നു.

2020 - 21ൽ എത്തിയപ്പോൾ മറ്റു സംസ്ഥാനങ്ങളിൽ തെങ്ങുകൃഷി വർദ്ധിച്ചതിലൂടെ രാജ്യത്തെ നാളികേര മേഖല 21.99 ലക്ഷം ഹെക്ടറായി വർദ്ധിച്ചു. ഈ കാലയളവി​നുള്ളി​ൽ സംസ്ഥാനത്തെ തെങ്ങുകൃഷി വർദ്ധി​ച്ചെത്തി​യത് 7.69 ലക്ഷം ഹെക്ടറി​ലേക്ക് മാത്രം. ദേശീയാടി​സ്ഥാനത്തി​ൽ കേരളത്തി​ലെ കൃഷി​മേഖല 69 ശതമാനത്തി​ൽ നി​ന്ന് 35 ശതമാനമായി ചുരുങ്ങി. കേരഗ്രാമം ഉൾപ്പെടെ നിരവധി പദ്ധതികൾ സംസ്ഥാനത്ത് നടപ്പാക്കുന്നുണ്ടെങ്കിലും ഇവയി​ലൊന്നും കാര്യമായ പുരോഗതിയുണ്ടായി​ട്ടി​ല്ല. 1999ൽ ഒരു തേങ്ങയ്ക്ക് മൂന്ന് രൂപയായിരുന്ന വില ഇപ്പോൾ 15 രൂപയിൽ എത്തിയെങ്കിലും ഉത്പാദനചെലവിന് അനുസരിച്ച് വില ലഭിക്കാത്തതാണ് കർഷകരെ പിന്നോട്ടടിക്കാൻ കാരണം.

രാജ്യത്ത് 17 സംസ്ഥാനങ്ങളിലും നാല് കേന്ദ്രഭരണ പ്രദേശങ്ങളിലുമുള്ള നാളികേര കൃഷി​യി​ൽ 90 ശതമാനവും സംഭാവന ചെയ്യുന്നത് കേരളം, കർണാടകം, തമിഴ്‌നാട്, ആന്ധ്രാപ്രദേശ് എന്നീ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളാണ്.

110 കോടിയുടെ പദ്ധതികൾ
നടപ്പു സാമ്പത്തിക വർഷം നാളികേര വികസന ബോർഡ് മൊത്തം 110 കോടിയുടെ പദ്ധതികളാണ് സംസ്ഥാനത്ത് നടപ്പാക്കുക. തെങ്ങുകൃഷി പുനരുദ്ധാരണം പദ്ധതി 2009-10 മുതൽ നടക്കി വരുന്നു. പദ്ധതി പ്രകാരം 32 ലക്ഷം തെങ്ങുകൾ വെട്ടിമാറ്റി പകരം തെങ്ങിൻ തൈകൾ വച്ചിട്ടുണ്ട്. ശാസ്ത്രീയ വളപ്രയോഗം അവലംബിക്കുന്നതിന് 220 കോടി രൂപ വിനിയോഗിച്ചു.

മോശമല്ല ഉത്പാദനക്ഷമത

രാജ്യത്തെ മൊത്തം നാളികേര കൃഷിയുടെ 35 ശതമാനവും ഉത്പാദനത്തിന്റെ 33 ശതമാനവും കേരളത്തിന് അവകാശപ്പെട്ടതാണ്. 1970 -71ൽ ഒരു ഹെക്ടറിൽ നിന്നു 5536 നാളികേരം ലഭിച്ചിരുന്നത് 2020 -21ൽ 9030ആയി ഉയർന്നു. ഉത്പാദനക്ഷമതയുടെ കാര്യത്തിൽ ദേശീയ ശരാശരിയായ ഹെക്ടറി​ന് 9430 നാളികേരം എന്ന കണക്കി​ന് അടുത്തെത്തുകയും ചെയ്തു.

15 : നിലവിൽ സംസ്ഥാനത്ത് 15 കോടിയോളം തെങ്ങുകൾ

694 : സംസ്ഥാനത്ത് ഉത്പാദി​പ്പി​ക്കുന്നത് 694കോടി നാളികേരം

പ്രതാപത്തി​ലേക്ക് തി​രി​ച്ചുവരാൻ

1.നാളികേര കൃഷിയിടത്തി​ന്റെ വിസ്തൃതി വർദ്ധിപ്പിക്കുക

2.നാളികേര തോട്ടങ്ങളുടെ പുനരുദ്ധാരണം

3. മൂല്യവർദ്ധനവ്, നൈപുണ്യ വികസനം

4. നാളികേര ഉത്പാദന സംഘങ്ങൾ രൂപീകരിക്കൽ

5. കേര സുരക്ഷാ ഇൻഷ്വറൻസ് ഏർപ്പെടുത്തുക