ആലപ്പുഴ : പുനരുദ്ധാരണത്തിന്റെ ഭാഗമായി റോഡിന് ഉയരം കൂടിയതോടെ മുല്ലയ്ക്കൽ വാർഡിൽ പഴയതിരുമല ക്ഷേത്രത്തിന് സമീപമുള്ള വീടുകൾ മഴക്കാലത്ത് വെള്ളക്കെട്ടിലാകുന്നു. റോഡിനോട് ചേർന്ന് കാന പണിയണമെന്ന ജനങ്ങളുടെ ആവശ്യം അവഗണിച്ച് നിർമ്മാണം പൂർത്തീകരിച്ചത് മുതലാണ് പ്രദേശവാസികൾ വെള്ളത്തിലായത്.
മുമ്പ് വെള്ളം ഒഴുകി നേരെ തോട്ടിലേക്ക് പോയിരുന്നതിനാൽ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടായിരുന്നില്ല. റോഡ് ഉയർന്നതോടെ പെയ്ത്തുവെള്ളം മുറ്റത്തും വഴിയിലുമായി കെട്ടിക്കിടക്കുകയാണ്. ചുരുങ്ങിയത് രണ്ടാഴ്ച വെയിലേറ്റാൽ മാത്രമേ വഴികൾ പൂർണമായി ഉണങ്ങി ഗതാഗതയോഗ്യമാകൂ. സാംക്രമിക രോഗങ്ങൾ ബാധിക്കുമോയെന്ന ആശങ്കയിലുമാണ് ജനങ്ങൾ.
ആശുപത്രിയിലെത്താൻ മാർഗമില്ല
പ്രമേഹം മൂർച്ഛിച്ചതിനെ തുടർന്ന് മൂന്ന് വർഷങ്ങൾക്ക് മുമ്പ് ഒരു കാൽ മുറിച്ചു മാറ്റിയ കൊച്ചുമായിത്രയിൽ ഗോപകുമാറിന് വഴിയിലെ വെള്ളക്കെട്ട് മൂലം ആശുപത്രിയിലേക്ക് പോകാൻ പോലും സാധിക്കുന്നില്ല. വീട്ടിൽ നിന്ന് റോഡ് വരെയെത്തുന്ന വഴിയിൽ ദിവസങ്ങളായി വെള്ളം കെട്ടി കിടക്കുന്നതാണ് കാരണം. മഴ ശക്തിപ്രാപിച്ചാൽ ഭാര്യക്കും കൊച്ചുമക്കൾക്കുമൊപ്പം താമസിക്കുന്ന വാടക വീടിനുള്ളിലേക്ക് വരെ വെള്ളം കയറുമെന്ന് ഗോപകുമാർ പറയുന്നു.
ഇഴജന്തു ശല്യവും
ആഴ്ചകളോളം വെള്ളം കെട്ടി നിൽക്കുന്നത് പതിവായതോടെ പ്രദേശത്ത് ഇഴജന്തുശല്യം വർദ്ധിച്ചതായി പ്രദേശവാസിയായ സെൽറ്റി ആന്റണി പറഞ്ഞു. വെള്ളം നീന്തിക്കയറി റോഡിലെത്തേണ്ടതിനാൽ സ്കൂൾ കുട്ടികളും ഏറെ ബുദ്ധിമുട്ടുകയാണ്. പല വീടുകളിലേക്കും റോഡിൽ നിന്ന് പരാവധി ഒരു ഇരുചക്ര വാഹനത്തിന് കടന്നുപോകാവുന്ന വീതിയിലെ വഴികളാണുള്ളത്. പുതുക്കിപ്പണിത റോഡുമായി വലിയ പൊക്കവ്യത്യാസമുള്ളതാണ് നീരൊഴുക്കിന് തടസമാകുന്നത്.
റോഡ് പണിയുന്ന സമയത്ത് കാന വേണമെന്ന നിർദ്ദേശം മുന്നോട്ട് വച്ചെങ്കിലും അത് ചെവിക്കൊണ്ടില്ല. ഇതോടെ ഇത്ര നാളുമില്ലാതിരുന്ന വെള്ളക്കെട്ടാണ് ഈ പ്രദേശത്തുകാർ അനുഭവിക്കുന്നത്. പുതിയ കാന പണിതു കിട്ടണമെന്നാവശ്യപ്പെട്ട് ഉടൻ ജില്ലാ കളക്ടർക്ക് പരാതി നൽകും
ബാബു ജോസഫ്