
2500 പേർ പങ്കെടുക്കും
ആലപ്പുഴ: ആലപ്പുഴ ബീച്ചിൽ നാളെ നടക്കുന്ന ബീച്ച് റണ്ണിൽ പങ്കെടുക്കുന്നതിനായി 2500 പേർ രജിസ്റ്റർ ചെയ്തു. വഴിതെറ്റിപ്പോകുന്ന യുവതലമുറയെ മദ്യത്തിനും മയക്കമരുന്നിനും അടിമപ്പെടാതെ കായിക സാംസ്‌കാരത്തിലേക്ക് കൂട്ടിക്കൊണ്ടുവരിക എന്ന സന്ദേശമാണ് ബീച്ച് റണ്ണിലൂടെ നൽകുന്നതെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. 2019ലെ ഒന്നാം എഡിഷനിൽ 800 പേരാണ് പങ്കെടുത്തത്. സ്‌പോട്ട് രജിസ്‌ട്രേഷൻകൂടി കഴിയുമ്പോൾ മൂവായിരത്തോളം പേർ അണിനിരക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അത്‌ലറ്റിക്കോ ഡി ആലപ്പിയുടെ നേതൃത്വത്തിൽ എൻ.ടി.ബി.ആർ സൊസൈറ്റി, ജില്ലാ ഒളിമ്പിക് അസോസിയേഷൻ, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ, കുടുംബശ്രീ മിഷൻ എന്നിവയുടെ സഹകരണത്തോടെയാണ് ബീച്ച് റൺ.
പങ്കെടുക്കുന്നവർക്കു ടീ ഷർട്ട് ഉൾപ്പടെയടങ്ങുന്ന കിറ്റ് നൽകും. മത്സരം വിജയകരമായി പൂർത്തിയാക്കുന്നവർക്ക് ഫിനിഷേഴ്‌സ് മെഡൽ നൽകും. ക്യാഷ് അവാർഡുകളുമുണ്ട്. കൂടാതെ പങ്കെടുക്കുന്നവരിൽ 101 പേർക്ക് നറുക്കെടുപ്പിലൂടെ അഞ്ച് ലക്ഷം രൂപയുടെ സമ്മാനങ്ങൾ ലഭിക്കും.
അഞ്ച്, പത്ത് കിലോമീറ്ററുകളിലായാണ് മത്സരം. മൂന്നു കിലോമീറ്ററിൽ കുടുംബങ്ങൾക്കായി നടത്തുന്ന ഫൺ റണ്ണുമുണ്ട്. മൂന്നിന് വൈകിട്ട് നാലിന് ബീച്ചിൽ കളക്ടർ വി.ആർ.കൃഷ്ണതേജ ഫ്ലാഗ് ഓഫ് ചെയ്യും. തുടർന്ന് അത്താഴവും ഒരുക്കിയിട്ടുണ്ട്.
തിരക്കൊഴിവാക്കുന്നതിനായി ഉച്ചയ്ക്ക് മുമ്പായി റെയ്‌സ് കിറ്റുകൾ കൈപ്പറ്റണമെന്നും വാഹനങ്ങൾ പൊലീസ് ഗ്രൗണ്ടിൽ പാർക്ക് ചെയ്യണമെന്നും ഭാരവാഹികൾ അറിയിച്ചു.
സംഘാടക സമിതി ചെയർമാൻ കുര്യൻ ജെയിംസ്, ജനറൽ കൺവീനർ ദീപക് ദിനേശൻ, ചീഫ് കോർഡിനേറ്റർ അനിൽകുമാർ ശിവദാസ്, ജില്ലാ സ്‌പോർട്‌സ് കൗൺസിൽ വൈസ് പ്രസിഡന്റ് വി.ജി.വിഷ്ണു എന്നിവർ വാർത്താസമ്മേളനത്തിൽ പരിപാടികൾ വിശദീകരിച്ചു.