arr
എരമല്ലൂർ - എഴുപുന്ന റോഡിൽ എരമല്ലൂർ ജംഗ്ഷനിലെ മീഡിയനിലെ കോൺക്രീറ്റ് കല്ലുകൾ സ്ഥാനചലനം സംഭവിച നിലയിൽ

അരൂർ: എരമല്ലൂർ - എഴുപുന്ന റോഡിൽ അപകടഭീഷണിയുയർത്തി എരമല്ലൂർ ജംഗ്ഷനിലെ മീഡിയനിൽ നിരത്തിയിരിക്കുന്ന കോൺക്രീറ്റ് കല്ലുകൾ. കഴിഞ്ഞ ആഴ്ചയുണ്ടായ വാഹനാപകടത്തിൽ ഭാരമേറിയ കല്ലുകൾക്ക് സ്ഥാനചലനം സംഭവിച്ചതാണ് വാഹന യാത്രികർക്ക് വിനയായിരിക്കുന്നത്. മാസങ്ങൾക്ക് മുമ്പാണ് പൊതുമരാമത്ത് വകുപ്പ് ഗതാഗത നിയന്ത്രണത്തിന്റെ ഭാഗമായി ജംഗ്ഷനിലെ സിഗ്നലിന് പടിഞ്ഞാറ് ഭാഗത്ത് കോൺക്രീറ്റ് കല്ലുകൾ സ്ഥാപിച്ച് മീഡിയൻ നിർമ്മിച്ചത്.കല്ലുകൾ വരിവരിയായി നീളത്തിൽ എരമല്ലൂർ - എഴുപുന്ന റോഡിന് നടുക്ക് അടുക്കിയാണ് മീഡിയൻ നിർമിച്ചത്. .നിലവിൽ റോഡിന് നടുഭാഗത്തേക്ക് തിരിഞ്ഞിരിക്കുന്ന കല്ലിൽ തട്ടി ഇരുചക്രവാഹനങ്ങൾ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമായി. പ്രദേശവാസികൾ കല്ലുകൾ നേരെയാക്കാൻ ശ്രമിച്ചെങ്കിലും അമിതമായ ഭാരംകാരണം ശ്രമം വിഫലമായി. ക്രെയിൻ ഉപയോഗിച്ച് മാത്രമേ കല്ലുകൾ പൂർവ്വസ്ഥിതിയിലാക്കാൻ കഴിയുകയുള്ളു. ഇത് കൂടാതെ കല്ലുകളിൽ റിഫ്ളക്ടറുകൾ ഇല്ലാത്തതും അപകട സാദ്ധ്യത ഇരട്ടിയാക്കുകയാണ്. അടിയന്തരമായി മീഡിയൻ പൂർവ സ്ഥിതിയിലാക്കി അപകടങ്ങൾ ഒഴിവാക്കാൻ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ജെ.എസ്.എസ് എഴുപുന്ന പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികൾ പൊതുമരാമത്ത് വകുപ്പ് അധികൃതർക്ക് പരാതി നൽകി.